OTHER SPORTS

പ്രൈം വോളിബോള്‍ ലീഗില്‍ ആദ്യ അട്ടിമറി; നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റിനെ തകര്‍ത്ത് ഹൈദരാബാദ് ബ്ലാക് ഹോക്സ്

കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ഹൈദരാബാദ് ബ്ലാക്ഹോക്സ് മിന്നും തുടക്കം കുറിച്ചു

ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയയുടെ നാലാം സീസണിന് അട്ടിമറിയോടെ തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ഹൈദരാബാദ് ബ്ലാക്ഹോക്സ് മിന്നും തുടക്കം കുറിച്ചു.

ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആതിഥേയരുടെ ജയം. സ്‌കോര്‍: 15-12, 18-16, 18-16. ഹൈദരാബാദിന്റെ വിദേശതാരം പൗലോ ലമൗനിയോര്‍ ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ബ്ലാക്ഹോക്സിന് പിന്തുണയുമായി സഹ ഉടമ കൂടിയായ നടന്‍ വിജയ് ദേവരകൊണ്ടയും സ്റ്റേഡിയത്തിലെത്തിയിരുന്നു.

മികച്ച തുടക്കമായിരുന്നു കാലിക്കറ്റിന് ലഭിച്ചത്. തരുഷ ചാമത്തും വികാസ് മാനും ഉശിരന്‍ പ്രകടനമാണ് നടത്തിയത്. രണ്ട് പോയിന്റ് ലീഡ് നേടിയ ശേഷം കാലിക്കറ്റിന് അടിപതറി. തുടര്‍ച്ചയായ പോയിന്റുകളുമായി ഹൈദരാബാദ് ഒപ്പമെത്തി. കാലിക്കറ്റ് ലീഡ് വിട്ടുനല്‍കിയില്ല. ഒപ്പത്തിനൊപ്പം ആദ്യ സെറ്റ് മുന്നേറി.

അശോക് ബിഷ്ണോയിയും വികാസും ചേര്‍ന്ന് തകര്‍പ്പന്‍ സ്മാഷുകളിലൂടെ കാലിക്കറ്റിനെ മുന്നോട്ടുനയിച്ചു. എന്നാല്‍ സഹില്‍ കുമാറും നിയാസ് അബ്ദുള്‍ സലാമും കൂടി ഹൈദരാബാദിനെ തിരികെ കൊണ്ടുവന്നു. ആദ്യ ഗെയിം 15-12ന് സ്വന്തമാക്കുകയും ചെയ്തു.

രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ കാലിക്കറ്റിന്റെ മനോഹരമായ തിരിച്ചുവരവാണ് കണ്ടത്. തരുഷയും സന്തോഷും ചേര്‍ന്ന് തകര്‍പ്പന്‍ നീക്കങ്ങളിലൂടെ ലീഡ് നല്‍കി. എന്നാല്‍ ആദ്യ ഗെയിമിലെന്ന പോലെ അവസാന ഘട്ടത്തില്‍ ഹൈദരാബാദ് തിരിച്ചുവരികയായിരുന്നു. കാലിക്കറ്റ് വിട്ടുകൊടുത്തില്ല. തരുഷയുടെ കിടിലന്‍ സ്പൈക്ക് ഹൈദരാബാദിനെ തകര്‍ത്തു.

പക്ഷേ, ആ മികവ് നിലനിര്‍ത്താനായില്ല കാലിക്കറ്റിന്. സൂപ്പര്‍ പോയിന്റിലൂടെ ഹൈദരാബാദ് 13-11ന് ലീഡ് നേടി. ശക്തമായ മറുപടിയാണ് കാലിക്കറ്റും നല്‍കിയത്. മിന്നുന്ന സ്പൈക്കിലൂടെ അശോക് ഒപ്പമെത്തിച്ചു. എന്നാല്‍ ആദ്യ സെറ്റിലെന്ന പോലെ അവസാന ഘട്ടത്തില്‍ രണ്ടാം സെറ്റിലും കാലിക്കറ്റ് പതറി.

അശോകിന്റെ മികവിലാണ് ഒപ്പത്തിനൊപ്പം പിടിച്ചുനിന്നത്. പക്ഷേ, ഗുരുപ്രശാന്തിന്റെ ബ്ലോക്കില്‍ ഹൈദരാബാദ് രണ്ടാം സെറ്റും സ്വന്തമാക്കുകയായിരുന്നു. ജോണ്‍ ജോസഫിന്റെ ബ്ലോക്കുകളും ഹൈദരാബാദിനെ സഹായിച്ചു.

മൂന്നാം സെറ്റില്‍ അശോകിന്റെ സൂപ്പര്‍ സെര്‍വിലാണ് കാലിക്കറ്റ് ഉണര്‍ന്നത്. പക്ഷേ, ഗുരു പ്രശാന്തിന്റെ മികവില്‍ ഹൈദരാബാദ് തിരിച്ചെത്തി. 15-15ല്‍ നില്‍ക്കെ സഹില്‍ കുമാറിന്റെ സൂപ്പര്‍ സ്പൈക്ക് കാലിക്കറ്റിനെ തളര്‍ത്തി.

ഒടുവില്‍ പൗലോ ലമൗനിയോറിന്റെ ബ്ലോക്കില്‍ സെറ്റും ജയവും ഹൈദരാബാദ് സ്വന്തമാക്കി. ഇന്ന് (വെള്ളി) രണ്ട് മത്സരങ്ങളാണ്. ലീഗിലെ അരങ്ങേറ്റക്കാരായ ഗോവ ഗാര്‍ഡിയന്‍സ് വൈകിട്ട് 6.30ന് ബെംഗളൂരു ടോര്‍പിഡോസിനെയും, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് രാത്രി 8.30ന് ചെന്നൈ ബ്ലിറ്റ്സിനെയും നേരിടും.

SCROLL FOR NEXT