"ഇപ്പോഴുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ടെന്നീസ് കളിക്കാരനാണ് അയാള്‍," യാനിക്ക് സിന്നറിനെപ്പറ്റി സ്പെയിനിന്റെ കാർലോസ് അല്‍ക്കരാസ് ഇങ്ങനെ പറയുമ്പോള്‍ തന്നെ വ്യക്തമാണ്- ഞായറാഴ്ച റോളണ്ട് ഗാരോസിലെ കളിമണ്‍ കോർട്ടില്‍ തീപാറും. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിലവിലെ ചാംപ്യനായ അല്‍ക്കരാസും ലോക ഒന്നാം നമ്പർ താരം സിന്നറും ഏറ്റുമുട്ടുമ്പോള്‍ ഫലം അപ്രവചനീയമാണ്.
ഈ വർഷം കളിമണ്‍ കോർട്ടില്‍ രണ്ട് തവണ എടിപി മാസ്റ്റേഴ്സ് 1000 ജേതാവായ അല്‍ക്കരാസിന് മുന്നിലെ ഏറ്റവും വലിയ പരീക്ഷണം ഞായറാഴ്ച നടക്കുന്ന ഫൈനലാണ്. പാരീസ് മേജറിലെ തന്റെ ആദ്യ ട്രോഫി തേടിയുള്ള യാത്രയില്‍ 24 തവണ ഗ്രാൻഡ്സ്ലാം കിരീടം നേടിയ നോവാക്ക് ജോക്കോവിച്ച് അടക്കമുള്ള മുന്‍നിര താരങ്ങളെയാണ് യാനിക്ക് സിന്നർ വീഴ്ത്തിയത്. സിന്നർ തന്റെ നാലാമത്തെ പ്രധാന കിരീടത്തിനായി ഇറങ്ങുമ്പോള്‍ അൽക്കരാസ് തന്റെ അഞ്ചാമത്തെ പ്രധാന കിരീട നേട്ടമാണ് ലക്ഷ്യമാക്കുന്നത്.
1968ൽ ആരംഭിച്ച ഓപ്പൺ യുഗത്തിൽ റോളണ്ട്-ഗാരോസിൽ ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇറ്റാലിയൻ പുരുഷനാണ് യാനിക്ക് സിന്നർ. 1976ല്‍ ചാംപ്യനായ അഡ്രിയാനോ പനറ്റയ്ക്ക് ശേഷം ചരിത്രം ആവർത്തിക്കാനൊരുങ്ങുകയാണ് ഈ ഇറ്റലിക്കാരന്‍. 51-ാം ഗ്രാൻസ്ലാം സെമി ഫൈനലിന് ഇറങ്ങിയ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് സിന്നറിന്റെ ഫൈനല്‍ പ്രവേശം. സ്കോർ- 6-4, 7-5, 7-6.
മറുവശത്ത്, സിന്നറിന്റെ നാട്ടുകാരനായ ലോറെൻസോ മുസെറ്റിയെ മറികടന്നാണ് 22കാരനായ അൽക്കരാസ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലേക്ക് എത്തുന്നത്. 4-6ന് ആദ്യ സെറ്റില്‍ തന്നെ അല്‍ക്കരാസ് മുന്നേറ്റം കാഴ്ച വെച്ചു. നാലാം സെറ്റില്‍ 2-0ന് സ്പാനിഷ് താരം മുന്നിട്ട് നില്‍ക്കുമ്പോഴാണ് മുസെറ്റി കളിയില്‍ നിന്ന് പിന്മാറുന്നത്. കാലിനേറ്റ പരിക്കിനെ തുടർന്നായിരുന്നു പിന്മാറ്റം. സ്കോർ: 4-6, 7-6(3), 6-0, 2-0. ഇതോടെ അഞ്ച് ഗ്രാൻഡ്സ്ലാം ഫൈനലുകളിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ പുരുഷ താരമായി അല്‍ക്കരാസ്.
ഒരു ഗ്രാൻഡ് സ്ലാം ഫൈനലില്‍ ആദ്യമായാണ് ഇരുതാരങ്ങളും നേർക്കുനേർ എത്തുന്നത്. അതുകൊണ്ടുതന്നെ, അൽക്കരാസ്-സിന്നർ പോരാട്ടത്തിലെ നാഴികക്കല്ലായിരിക്കും നാളത്തെ ബ്ലോക്ക്ബസ്റ്റർ ഫൈനൽ. അവസാനമായി ഇവർ ഏറ്റുമുട്ടിയത് റോമില്‍ നടന്ന ലെക്സസ് എടിപി ഹെഡ്2ഹെഡ് പരമ്പരയിലാണ്. സിന്നറിനെതിരെ അൽക്കരാസ് 7-4 എന്ന നിലയിലാണ് റോമില്‍ ജയിച്ചത്. വീണ്ടും ഒരു അല്‍ക്കരാസ്-സിന്നർ പോരാട്ടത്തിന് കളിമണ്‍ കോർട്ടില്‍ വഴിതുറക്കുമ്പോള്‍ അത് കണ്ടിരിക്കേണ്ട ഒന്നാകുമെന്ന് തീർച്ച. അല്‍ക്കരാസിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, "ടെന്നീസ് ആരാധകർക്ക് ഇത് മികച്ച ഒരു ഞായറാഴ്ചയായിരിക്കും."