photo|FIDE
OTHER SPORTS

ലോക ചെസ്സ് ചാമ്പ്യൻഷിപ്പ്: 'ജെൻസീ പോരി'ൽ വീണ്ടും സമനില; ആദ്യ ജയത്തിനായി കാത്തിരിപ്പ് നീളുന്നു

ആദ്യ നാല് മത്സരങ്ങളും സമനിലയായതോടെ, വരും ഘട്ടങ്ങളിൽ വിജയം നേടുന്ന താരത്തിന് നിർണ്ണായക മുൻതൂക്കം ലഭിക്കും. ഞായറാഴ്ച നടക്കുന്ന അഞ്ചാം ഗെയിമിൽ ചലഞ്ചറായ സിന്ദറോവ് വെളുത്ത കരുക്കളോടെയാകും ബോർഡിലെത്തുക

Author : ന്യൂസ് ഡെസ്ക്

ജനീവ: ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ ഡി. ഗുകേഷും ഉസ്ബെക്കിസ്ഥാന്റെ ജവോഖിർ സിന്ദറോവും തമ്മിലുള്ള നാലാം ക്ലാസിക്കൽ മത്സരവും സമനിലയിൽ പിരിഞ്ഞു. ശനിയാഴ്ച നടന്ന മത്സരത്തിൽ 34 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും പോയിന്റുകൾ പങ്കുവെച്ചത്. തുടർച്ചയായ നാലാം സമനിലയോടെ 14 ഗെയിമുകളുള്ള കിരീടപ്പോരാട്ടത്തിൽ ഇരുവർക്കും രണ്ട് പോയിന്റ് വീതമായി.

പെട്രോവ് ഡിഫൻസ് ശൈലിയിൽ ആരംഭിച്ച മത്സരത്തിൽ വെളുത്ത കരുക്കളുമായി കളിച്ച ഗുകേഷ്, 5.Be2, 9.Qb1 എന്നീ നീക്കങ്ങളിലൂടെ പുതിയ തന്ത്രങ്ങളും ആക്രമണ സാധ്യതകളും തുറക്കാൻ ശ്രമിച്ചു. കറുത്ത കരുക്കളുമായി കളിച്ച സിന്ദറോവ് തുടക്കത്തിൽ സമയത്തിൽ പിന്നിലായെങ്കിലും കൃത്യതയാർന്ന പ്രതിരോധത്തിലൂടെയും 6...a6 പോലുള്ള നീക്കങ്ങളിലൂടെയും ഗുകേഷിന്റെ മുന്നേറ്റങ്ങളെ തടഞ്ഞു.

മത്സരത്തിന്റെ മധ്യഘട്ടത്തിൽ ഗുകേഷിന് സമയലാഭവും മുൻതൂക്കവും ലഭിച്ചെങ്കിലും, സിന്ദറോവ് കൃത്യമായ നീക്കങ്ങളിലൂടെ പ്രതിരോധം കാത്തു. കരുക്കളുടെ കൈമാറ്റത്തിന് ശേഷം റൂക്കുകളും നൈറ്റുകളും ബോർഡിൽ നിന്ന് മാറിയതോടെ, വ്യക്തമായ മുന്നേറ്റത്തിന് വഴികളില്ലാതെ വന്നന്നു. തുടർന്ന് ത്രീഫോൾഡ് റിപ്പിറ്റീഷനിലൂടെ മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.

ആദ്യ നാല് മത്സരങ്ങളും സമനിലയായതോടെ, വരും ഘട്ടങ്ങളിൽ വിജയം നേടുന്ന താരത്തിന് നിർണ്ണായക മുൻതൂക്കം ലഭിക്കും. ഞായറാഴ്ച നടക്കുന്ന അഞ്ചാം ഗെയിമിൽ ചലഞ്ചറായ സിന്ദറോവ് വെളുത്ത കരുക്കളോടെയാകും ബോർഡിലെത്തുക.

SCROLL FOR NEXT