ആദ്യമായാണ് വിജയികള്‍ക്ക് സ്വര്‍ണക്കപ്പ് സമ്മാനിക്കുന്നത്  
OTHER SPORTS

ചാമ്പ്യന്‍മാരെ കാത്ത് 117 പവന്റെ സ്വര്‍ണക്കപ്പ്; ചിത്രം പങ്കുവെച്ച് മന്ത്രി

ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ജില്ലയ്ക്കാണ് സ്വർണക്കപ്പ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ചരിത്രത്തിലാദ്യമായി വിജയികള്‍ക്ക് സ്വര്‍ണക്കപ്പ്. 117.5 പവന്‍ വരുന്ന സ്വര്‍ണക്കപ്പാണ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ലഭിക്കുക. കപ്പിന്റെ ചിത്രം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു.

ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 1600 പോയിന്റ് പിന്നിട്ട തിരുവനന്തപുരം എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ്. തൃശൂര്‍ രണ്ടാം സ്ഥാനത്തും പാലക്കാട് മൂന്നാം സ്ഥാനത്തും ഉണ്ട്. കഴിഞ്ഞ വര്‍ഷം 1935 പോയിന്റോടെയാണ് തിരുവനന്തപുരം ചാമ്പ്യന്‍മാരായത്. 729 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍, കഴിഞ്ഞ തവണ 848 പോയിന്റോടെയായിരുന്നു റണ്ണര്‍ അപ്പ് ആയത്. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മലപ്പുറം ഇത്തവണ 824 പോയിന്റോടെ ആറാം സ്ഥാനത്താണ്.

അതേസമയം, കായികമേള അത്ലറ്റിക്‌സില്‍ പാലക്കാടും മലപ്പുറവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. 20 സ്വര്‍ണം അടക്കം 162 പോയിന്റ് ഉള്ള പാലക്കാടിന് തൊട്ട് പിന്നില്‍ 14 സ്വര്‍ണം അടക്കം 155 പോയിന്റ് ഉള്ള മലപ്പുറം എത്തി.

സ്‌കൂളുകളില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ ആയ മലപ്പുറം ഐഡിയല്‍ കടകശ്ശേരി 58 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തിരുവനന്തപുരം ജിവി രാജ സ്‌കൂളിലെ ശ്രീഹരി മീറ്റ് റെക്കോര്‍ഡോടെ ഇന്ന് സ്വര്‍ണം നേടി.

SCROLL FOR NEXT