കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഗ്രൂപ്പ് ഡിയിലെ അവസാന റൗണ്ട് പോരാട്ടത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച് കൊളംബിയ. 12-ാം മിനിറ്റില്‍ റഫീന്യയുടെ ഗോളില്‍ മുന്നിലെത്തിയ കാനറികൾക്കെതിരെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഡാനിയല്‍ മുനോസ് നേടിയ ഗോളില്‍ കൊളംബിയ സമനില പിടിക്കുകയായിരുന്നു. ഇതോടെ മൂന്ന് കളികളില്‍ നിന്ന് ഏഴു പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായി കൊളംബിയ ക്വാര്‍ട്ടറില്‍ കടന്നു. അഞ്ചു പോയന്റുള്ള ബ്രസീല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്ററീക്ക ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പാരഗ്വായെ കീഴടക്കി. ഫ്രാൻസിസ്കോ കാൽവോയും ജോസിമർ അൽക്കോസറുമാണ് കോസ്റ്ററീക്കയ്ക്കായി ഗോളുകൾ നേടിയത്. മത്സരം 10 മിനിറ്റ് കടക്കും മുമ്പേ കോസ്റ്ററീക്ക രണ്ട് ഗോളുകൾ നേടിയത് ശ്രദ്ധേയമായി. മൂന്നാം മിനിറ്റിലും ഏഴാം മിനിറ്റിലുമാണ് കോസ്റ്ററീക്കയുടെ ഗോളുകൾ പിറന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ റാമോൻ സോസയാണ് പാരഗ്വായുടെ ആശ്വാസഗോൾ നേടിയത്. ഇരു ടീമുകളും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
ഇതോടെ കോപ അമേരിക്കയിലെ ക്വാർട്ടർ ലൈനപ്പായി. നാളെ നടക്കുന്ന ഒന്നാം ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന ഇക്വഡോറിനെ നേരിടും. വെനുസ്വേല കാനഡയെയും ജൂലായ് ഏഴിന് നടക്കുന്ന ക്വാര്‍ട്ടറില്‍ ബ്രസീല്‍ യുറുഗ്വായെയും നേരിടും. പനാമയാണ് കൊളംബിയയുടെ എതിരാളികൾ.