പാരീസ് ഒളിംപിക്സില്‍ വിജയത്തോടെ തുടങ്ങി ഇന്ത്യന്‍ ഹോക്കി ടീം. ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു നീലപ്പടയുടെ ജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ഇന്ത്യന്‍ സംഘത്തിന്‍റെ തിരിച്ചുവരവ്. ഇന്ത്യക്കായി മൻദീപും വിവേകും ഹർമൻപ്രീതും ഗോൾ നേടി. മികച്ച സേവുകളുമായി മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷ് ഇന്ത്യയുടെ ഗോള്‍വല കാത്തു.
കളി തീരാൻ രണ്ട് മിനിറ്റ് ശേഷിക്കെ ലഭിച്ച പെനാല്‍റ്റി സ്ട്രോക്ക് ഹർമൻപ്രീത് ഗോളാക്കി മാറ്റുകയായിരുന്നു. 44 വർഷത്തെ ഗോൾഡ് മെഡൽ വരൾച്ചയ്ക്ക് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ഹോക്കി ടീം ഇക്കുറി പാരീസിലെത്തിയത്.