ആതിഥേയരായ വെസ്റ്റ് ഇന്റീസിനെ തകർത്ത് ടി20 ലോകകപ്പിന്റെ സെമി പ്രവേശനം ആധികാരികമാക്കി ദക്ഷിണാഫ്രിക്ക. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തിലാണ് വിന്റീസിനെ പരാജയപ്പെടുത്തി പ്രോട്ടീസ് സെമി ബർത്ത് നേടിയെടുത്തത്. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് വെസ്റ്റ് ഇന്റീസ് നേടിയത്. മഴ മൂലം കളി ചുരുക്കിയപ്പോൾ സൗത്ത് ആഫ്രിക്കയുടെ ടാർഗറ്റ് 17 ഓവറിൽ 123 റൺസ് എന്ന ഇക്വേഷനിലെത്തി. പക്ഷെ, ഏഴ് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് പന്തുകൾ ബാക്കി നില്‍ക്കേ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി. അതോടെ വിന്‍ഡീസ് സെമി കാണാതെ പുറത്തായി. ടൂർണമെന്റിൽ ഒരു കളി പോലും തോൽക്കാതെയാണ് ദക്ഷിണാഫ്രിക്ക സെമിയിൽ പ്രവേശിച്ചത്.
ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ നിന്നായി ആറ് പോയിന്റാണ് ദക്ഷിണാഫ്രിക്ക നേടിയത്. പട്ടികയില്‍ രണ്ടാമതുള്ള ഇംഗ്ലണ്ട് നേരത്തേ സെമിയിലെത്തിയിരുന്നു. ടി20 ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ടീമായിരുന്നു ഇംഗ്ലണ്ട്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 4 പോയന്റാണ് ഇംഗ്ലണ്ടിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് രണ്ട് പോയന്റുള്ള വെസ്റ്റിന്‍ഡീസ് മൂന്നാമതാണ്. ജയിച്ചാല്‍ സെമിയിലേക്ക് മുന്നേറാമായിരുന്നെങ്കിലും കളി പരാജയപ്പെട്ടതോടെ അവർ പുറത്തായി.
136 റണ്‍സ് വിജയലക്ഷവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തില്‍ തന്നെ വിന്‍ഡീസ് വിറപ്പിച്ചു. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കിനേയും(12) റീസ ഹെന്‍ഡ്രിക്‌സിനേയും(0) പുറത്താക്കി റസലാണ് വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ രണ്ട് ഓവർ കഴിഞ്ഞതോടെ മത്സരം മഴ തടസ്സപ്പെടുത്തി. രണ്ടോവറില്‍ 15ന് രണ്ട് എന്ന നിലയിലായിരുന്നു പ്രോട്ടീസ്. മഴ മാറിയെങ്കിലും നനഞ്ഞ ഔട്ട്ഫീല്‍ഡ് വീണ്ടും വില്ലനായി. ഒടുക്കം ഓവര്‍ കുറച്ച് മത്സരം പുനരാരംഭിച്ചു.
17 ഓവറില്‍ 123 റണ്‍സായി വിജയലക്ഷ്യം മാറ്റിക്കുറിച്ചപ്പോൾ 90 പന്തില്‍ നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത് 108 റണ്‍സ്. എയ്ഡന്‍ മാര്‍ക്രം, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ പതിയെ സ്‌കോറുയര്‍ത്തി. ടീം സ്‌കോര്‍ 42 ല്‍ നില്‍ക്കേ എയ്ഡന്‍ മാര്‍ക്രം(18) പുറത്തായി. അല്‍സാരി ജോസഫാണ് താരത്തെ പുറത്താക്കി വിന്‍ഡീസിന് വീണ്ടും ജയപ്രതീക്ഷ സമ്മാനിച്ചത്. പിന്നീടിറങ്ങിയ ഹെന്റിച്ച് ക്ലാസന്‍ വെടിക്കെട്ട് നടത്തിയതോടെ ദക്ഷിണാഫ്രിക്ക കളം നിറയാൻ തുടങ്ങി. എന്നാൽ ക്ലാസനെയും അൽസാരി ജോസഫ് മടക്കി. നിരന്തരം വിക്കറ്റുകൾ വീഴുന്നുണ്ടായിരുന്നുവെങ്കിലും റണ്ണൊഴുക്ക് നിലയ്ക്കാതിരുന്നതോടെ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തുകയായിരുന്നു. നേരത്തേ നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റിന്‍ഡീസ് 135-റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ റോസ്റ്റണ്‍ ചേസും ഓപ്പണര്‍ കൈല്‍ മേയേഴ്‌സിന്റെ ഇന്നിങ്‌സുമാണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത തബ്രയ്സ് ഷംസിയാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. മാര്‍കോ ജാന്‍സന്‍, മാര്‍ക്രം, കേശവ് മഹാരാജ്, റബാദ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.