ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം അപൂർവ റെക്കോർഡ് സ്വന്തമാക്കി യുവതാരം യശ്വസി ജയ്സ്വാൾ. ജയ്സ്വാൾ കളിച്ച 30 ടെസ്റ്റ് മത്സരങ്ങൾക്കും 30 വേദികളെന്ന അപൂർവതയാണ് താരത്തെ തേടിയെത്തിയത്. ഈ നേട്ടത്തിൽ മുന്നിലുള്ളത് സഞ്ജയ് മഞ്ജരേക്കറും സച്ചിൻ ടെൻഡുൽക്കറും മാത്രം.
വിൻഡ്സർ പാർക്ക് മുതൽ ഗാലെ വരെ. ടെസ്റ്റ് ക്രിക്കറ്റിൽ കളിച്ച മൂന്ന് വർഷം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ നേട്ടത്തിലേക്ക് ബാറ്റേന്തി യശ്വസി ജയ്സ്വാൾ. ഇന്ത്യയടക്കം ആറ് രാജ്യങ്ങളിലായി ജയ്സ്വാൾ കളിച്ചതെല്ലാം വ്യത്യസ്ത വേദികളിൽ. 2023ൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച താരം 30ാമത്തെ ടെസ്റ്റ് മത്സരമാണ് ശ്രീലങ്കയ്ക്കെതിരെ നിലവിൽ കളിക്കുന്നത്. 30 മത്സരത്തിലും ജയസ്വാൾ കളിച്ചത് 30 വേദികളിൽ...
2023 ജൂലൈയിലാണ് വെസ്റ്റ് ഇൻഡീസിനെതിരെ ജയ്സ്വാൾ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ സെഞ്ച്വറിയോടെ ഇന്ത്യൻ ടീമിലേക്ക് വരവറിയിച്ചു. പിന്നീട് സൗത്ത് ആഫ്രിക്ക, ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇപ്പോൾ ശ്രീലങ്കയും. 30 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കുമ്പോഴും കളിച്ച വേദികളിൽ പിന്നീട് ജയ്സ്വാളിന് കളിക്കേണ്ടി വന്നില്ല. 15 മത്സരങ്ങളിൽ ഇന്ത്യയിൽ കളിച്ചിട്ടും വേദി മാത്രം ആവർത്തിച്ചില്ല...
ഈ റെക്കോർഡിൽ ജയ്സ്വാളിന് മുമ്പിലുള്ള സഞ്ജയ് മഞ്ജരേക്കരും സച്ചിൻ തെണ്ടുൽക്കറും മാത്രമാണ്. മഞ്ജരേക്കർ 33 മത്സരവും സച്ചിൻ 32 മത്സരവും തുടർച്ചയായി വ്യത്യസ്ത വേദികളിൽ കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് മത്സരങ്ങൾ ശ്രീലങ്കയിലും ന്യൂസിലൻഡിലും ഇന്ത്യയിലുമാണ്. ടീമിൽ സ്ഥിര സാന്നിധ്യമായ ജയ്സ്വാൾ റെക്കോർഡ് മറികടക്കാനും സാധ്യതയേറെയാണ്. 55 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 48 ശരാശരിയിൽ 2567 റൺസ് താരം നേടിയിട്ടുണ്ട്. ഏഴ് സെഞ്ച്വറിയും 13 അർധ സെഞ്ച്വറിയും ജയ്സ്വാളിൻ്റെ ഇന്നിങ്സിന് മാറ്റുകൂട്ടുന്നു.