SPORTS

ഓസീസിനോട് തകർന്നടിഞ്ഞ ആ രാത്രി രവി ശാസ്ത്രി കരോക്കേ ഗാനമേള സംഘടിപ്പിച്ചു: രവിചന്ദ്രന്‍ അശ്വിന്‍

ഒരു വലിയ തോൽവിയുടെ ആഘാദത്തിന് ശേഷം ഡ്രസിങ് റൂമിൽ ടീം പാട്ടുപാടി ആഘോഷിച്ചു എന്നുപറഞ്ഞാൽ അത് വിശ്വാസയോ​ഗ്യമാണോ.?

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഒരിക്കലും മറക്കാനാകാത്ത ഏടാണ് 2020 ഡിസംബറില്‍ നടന്ന അഡ്‌ലെയ്ഡ് ടെസ്റ്റ്. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയ ശേഷം രണ്ടാം ഇന്നിങ്‌സില്‍ വെറും 36 റണ്‍സിന് തകര്‍ന്നടിഞ്ഞാണ് ഇന്ത്യ തോൽവി നേരിട്ടത്. എന്നാല്‍, ആ വലിയ തോൽവിയുടെ ആഘാദത്തിന് ശേഷം ഡ്രസിങ് റൂമിൽ ടീം പാട്ടുപാടി ആഘോഷിച്ചു എന്നുപറഞ്ഞാൽ അത് വിശ്വാസയോ​ഗ്യമാണോ.? എങ്കിൽ, അറിഞ്ഞോളൂ, അങ്ങനെ ഒരു സംഭവം ഡ്രസിങ് റൂമിൽ സംഭവിച്ചിരുന്നു.

അത്രയും വലിയൊരു തോൽവിയുടെ ആഘാദം കുറയ്ക്കാനും മനോവീര്യം വീണ്ടെടുക്കാനും അന്ന് പരിശീലകനായിരുന്ന രവി ശാസ്ത്രി അന്ന് രാത്രി കരോക്കേ ​ഗാനമേള സംഘടിപ്പിച്ചിരുന്നു. രവി ശാസ്ത്രി തന്നെ അന്ന് ​ഗാനങ്ങൾ ആലപിക്കുകയും ചെയ്തിരുന്നു. അന്നത്തെ ടീം അം​ഗമായിരുന്ന ആർ. അശ്വിനാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പങ്കുവെച്ചത്.

''ഞങ്ങള്‍ അന്ന് 36 റണ്‍സിന് പുറത്തായതിനാല്‍ പരമ്പര വിജയത്തെക്കുറിച്ച് ചിന്തിക്കുകപോലുമുണ്ടായില്ല. ഡ്രസിങ് റൂമിലെ എല്ലാവരുടെയും മൂഡ് മോശമായിരുന്നു. അപ്പോള്‍ രവി ഭായ് (രവി ശാസ്ത്രി) ഒരു ടീം ഡിന്നര്‍ സംഘടിപ്പിച്ചു. ഒപ്പം കരോക്കെ ഗാനമേളയും. അദ്ദേഹം പാടാന്‍ തുടങ്ങി. പഴയ ഹിന്ദി ഗാനങ്ങള്‍ അദ്ദേഹം പാടി.'' അശ്വിന്‍ പറഞ്ഞു.

ആ തോല്‍വിക്കു ശേഷം ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ താരങ്ങളുടെ മാനസികാവസ്ഥ മികച്ചതാക്കി നിലനിര്‍ത്തുന്നതില്‍ ശാസ്ത്രി വഹിച്ച പങ്ക് വളരെ വലുതാണെന്നും അശ്വിന്‍ വ്യക്തമാക്കി. 2018-19 ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിയില്‍ ഓസീസ് മണ്ണില്‍ ഓസീസിനെ കീഴടക്കി പരമ്പര നേടിയ ശേഷം വളരെയധികം ശുഭാപ്തിവിശ്വാസത്തോടെയാണ് ഇന്ത്യ 2020-21 ഓസീസ് പര്യടനത്തിനെത്തിയത്. അവിടെയാണ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ശേഷം രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ തോല്‍വി വഴങ്ങിയത്.

ഒടുവില്‍ അഡ്‌ലെയ്ഡിലെ തോല്‍വിയില്‍ നിന്ന് കരകയറിയ ഇന്ത്യ മെല്‍ബണിലും ബ്രിസ്‌ബെയ്‌നിലെ ഗാബയിലും നേടിയ ചരിത്ര വിജയത്തോടെ തുടര്‍ച്ചയായ രണ്ടാംവട്ടവും ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയായിരുന്നു. സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പൊരുതി നേടിയ സമനിലയ്ക്കും വിജയത്തോളം മധുരമുണ്ടായിരുന്നു. 1989-ന് ശേഷം ഗാബയില്‍ ഓസീസിനെ വീഴ്ത്തുന്ന ആദ്യ സന്ദര്‍ശക ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

SCROLL FOR NEXT