യുവേഫ സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡിന് കിരീടം. ഫൈനലില്‍ അറ്റലാന്‍ഡയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ നേടി കിലിയന്‍ എംബാപ്പെയും വരവറിയിച്ചു. കരുത്തരെ പിടിച്ച് കെട്ടാന്‍ അറ്റലാന്‍ഡ പരിശ്രമിച്ചെങ്കിലും അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല. റയല്‍ മാഡ്രിഡ് സൂപ്പര്‍ കപ്പില്‍ ആറാം കിരീടം സ്വന്തമാക്കി.
ചാംപ്യന്‍സ് ലീഗിന്റെ പകിട്ടിനൊപ്പം കിലിയന്‍ എംബാപ്പെയെയും കൂടെ ചേര്‍ത്ത് എത്തിയ റയലിനെ ആദ്യ പകുതിയില്‍ പിടിച്ച് കെട്ടിയ ആശ്വാസം മാത്രമേ അറ്റലാന്‍ഡയ്ക്ക് അവകാശപ്പെടാനുള്ളൂ. ഗോളിനായുള്ള തുടർച്ചയായ ആക്രമണങ്ങള്‍ക്ക് ഒടുവില്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നത് വെല്‍വര്‍ദേയാണ്. പിന്നാലെ റയലില്‍ അരങ്ങേറ്റം കുറിച്ച എംബാപ്പേയുടെ സൂപ്പര്‍ ഗോളും.
ആറാം കിരീടത്തോടെ ഏറ്റവുമധികം സൂപ്പര്‍ കപ്പ് കിരീടം നേടിയ ടീമായി റയല്‍ മാഡ്രിഡ്. അഞ്ച് കിരീടം നേടിയ ബാഴ്‌സലോണ, എസി മിലാന്‍ ടീമുകളെയാണ് മറികടന്നത്. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗും ലാലിഗയും സ്വന്തമാക്കിയ റയല്‍ മാഡ്രിഡിന് കിരീടത്തോടെ സീസണ്‍ തുടങ്ങാനായത് ആത്മവിശ്വാസം കൂട്ടും. ലാലിഗയില്‍ ഞായറാഴ്ച മയോര്‍ക്കയ്ക്ക് എതിരെയാണ് റയലിന്റെ ആദ്യ മത്സരം.