SPORTS

ഇപ്പോള്‍ പോയി 12-ാം ക്ലാസ് പരീക്ഷ എഴുതൂ; റിച്ച ഘോഷിന് 'ലീവ്' നൽകി ബിസിസിഐ

പരുക്ക് കാരണം മലയാളി താരം ആശ ശോഭനയും ടീമിൽ ഇടം നേടിയില്ല

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന് ന്യൂസിലന്‍ഡിനെതിരായ പരമ്പരയിൽ 'ലീവ്' നൽകി ബിസിസിഐ. 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനാലാണ് റിച്ചയ്ക്ക് അവധി അനുവദിച്ചത്. 2020-ല്‍ 16-ാം വയസില്‍ ടീമിലെത്തിയ റിച്ച ഇന്ത്യന്‍ വനിതാ ടീമിലെ സ്ഥിരം സാന്നിധ്യമാണ്.

കഴിഞ്ഞ ദിവസം ടീം പ്രഖ്യാപന വേളയിലാണ് റിച്ച ഘോഷിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം ബിസിസിഐ വ്യക്തമാക്കിയത്. ഒക്ടോബര്‍ 24, 27, 29 തീയതികളില്‍ അഹമ്മദാബാദിലാണ് മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര. അതേസമയം, ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഹര്‍മന്‍പ്രീത് കൗര്‍ നിലനിര്‍ത്തി. ടി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിനു പിന്നാലെ ഹര്‍മൻപ്രീതിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പരുക്ക് കാരണം മലയാളി താരം ആശ ശോഭനയും ടീമിൽ ഇടം നേടിയില്ല. ടി20 ലോകകപ്പിനിടെയുണ്ടായ പരുക്കിനെ തുടര്‍ന്ന് രണ്ട് മത്സരങ്ങള്‍ നഷ്ടമായ ഓള്‍റൗണ്ടര്‍ പൂജ വസ്ത്രാകറിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഏകദിന ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ഷഫാലി വര്‍മ, ഡി. ഹേമലത, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ, ഉമാ ചേത്രി, സയാലി സത്ഗാരെ, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂര്‍, തേജല്‍ ഹസബ്നിസ്, സൈമ താക്കൂര്‍, പ്രിയ മിശ്ര, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍.

SCROLL FOR NEXT