വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയും 
SPORTS

തുടരെത്തുടരെ പരമ്പരകള്‍; ശ്രീലങ്കക്കെതിരെ രോഹിത്തിനും കോഹ്‍ലിക്കും വിശ്രമം അനുവദിച്ചേക്കും

സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തും. തുടര്‍ന്ന് ന്യൂസീലാന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും സീരീസുകളുണ്ട്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍നിന്ന് നായകന്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‍ലിക്കും വിശ്രമം അനുവദിച്ചേക്കും. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്കുള്ളത്. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയോ കെ.എല്‍. രാഹുലോ ഇന്ത്യയെ നയിക്കാനാണ് സാധ്യത.

ഐപിഎല്‍ മുതല്‍ വിശ്രമമില്ലാത്ത മൂന്ന് മാസങ്ങളായിരുന്നതിനാല്‍ താരങ്ങള്‍ ബിസിസിഐയോട് ഇടവേള ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 37കാരനായ രോഹിത് ശര്‍മ, കഴിഞ്ഞ ആറ് മാസത്തോം നീണ്ടുനിന്ന തിരക്കുകള്‍ക്ക് ശേഷമാണ് വിശ്രമമെടുക്കുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയുമായി ടെസ്റ്റ് പരമ്പര, 2024 ജനുവരിയില്‍ അഫ്ഗാനിസ്ഥാനുമായി ടി20, തുടര്‍ന്ന് ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര, ഐപിഎല്‍, ടി20 ലോകകപ്പ് തുടങ്ങി തുടരെ തുടരെ മത്സരങ്ങള്‍ വന്നതോടെയാണ് സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നത്.

അതേസമയം, സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തും. തുടര്‍ന്ന് ന്യൂസീലാന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും സീരീസുകളുണ്ട്. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ടി20കളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. ജൂലായ് 27 മുതലാണ് പരമ്പര ആരംഭിക്കുക.

SCROLL FOR NEXT