SPORTS

ഈ രുചിക്ക് എന്തിനാല്‍ പകരംവെയ്ക്കാനാകും...? പിച്ചിലെ മണ്‍തരികള്‍ നുണഞ്ഞ് ഹിറ്റ്മാന്‍

വിയര്‍പ്പുതിര്‍ന്ന് നനഞ്ഞ പിച്ചുകളില്‍നിന്ന് ടീം ഇന്ത്യക്കായി വിജയഗാഥകള്‍ രചിച്ച പടനായകന്റെ കുട്ടിക്രിക്കറ്റില്‍ നിന്നുള്ള വിടവാങ്ങലിനൊപ്പം ചേര്‍ത്തുവെക്കാവുന്ന ചില നിമിഷങ്ങള്‍.

Author : ന്യൂസ് ഡെസ്ക്

ഒരു ലോകകിരീടം, അതും പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം വിജയിച്ചുനില്‍ക്കുമ്പോള്‍ എങ്ങനെയൊക്കെ ഒരു നായകന് ആഘോഷിക്കാം? സന്തോഷംകൊണ്ട് പുഞ്ചിരിക്കാം... ചിരിക്കാം... കരയാം... ഒന്നും മിണ്ടാനാകാതെ ഇരിക്കാം... ആവേശത്തിന്റെയും ആഘോഷത്തിന്റെയും മൂര്‍ധന്യതയില്‍ വേണമെങ്കില്‍ മുഷ്ടി ചുരുട്ടി അന്തരീക്ഷത്തില്‍ ഇടിക്കാം... ജേഴ്സി ഊരി കറക്കാം... ഇത്തരത്തില്‍ എല്ലാത്തരം ആവേശത്തിനും ആഘോഷത്തിനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ഇന്നലെ അവകാശമുണ്ടായിരുന്നു, വേദിയുമുണ്ടായിരുന്നു. ടീമിനൊപ്പം ആ സന്തോഷങ്ങളിലെല്ലാം രോഹിത് ഭാഗമാകുകയും ചെയ്തു. എന്നാല്‍, എല്ലാത്തിനും മേലെയായിരുന്നു ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ മൈതാനത്തെ രോഹിതിന്റേതു മാത്രമായ ചില നിമിഷങ്ങള്‍.

കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ബാര്‍ബഡോസിലെ പിച്ചിലെ മണ്‍തരികള്‍ രുചിച്ചുനോക്കുന്ന ഹിറ്റ്മാന്‍. രണ്ട് നുള്ള് മണ്‍തരികള്‍ വായിലിട്ടശേഷം, വലംകൈകൊണ്ട് മെല്ലെ പിച്ചിലൊന്ന് തട്ടി എഴുന്നേറ്റ്, പതുക്കെ നടന്നുപോകുന്നു. വിയര്‍പ്പുതിര്‍ന്ന് നനഞ്ഞ പിച്ചുകളില്‍നിന്ന് ടീം ഇന്ത്യക്കായി വിജയഗാഥകള്‍ രചിച്ച പടനായകന്റെ കുട്ടിക്രിക്കറ്റില്‍ നിന്നുള്ള വിടവാങ്ങലിനൊപ്പം ചേര്‍ത്തുവെക്കാവുന്ന ചില നിമിഷങ്ങള്‍. 'ഓര്‍മകളിലേക്ക് ഒന്നുകൂടി' എന്ന ക്യാപ്ഷനില്‍ ഐസിസി ആ നിമിഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

ടി20 ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ, വാര്‍ത്താസമ്മേളനത്തിലാണ് രോഹിത് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. 'ഇത് എന്റെ അവസാന മത്സരം ആയിരുന്നു' എന്നാണ് രോഹിത് പറഞ്ഞത്. 11 വര്‍ഷത്തെ കിരീടവരള്‍ച്ചയ്ക്ക് അന്ത്യംകുറിച്ച ശേഷമാണ് രോഹിത് ടി20 കുപ്പായം ഊരിവെക്കുന്നത്.

SCROLL FOR NEXT