SPORTS

ഓൺ എയറിൽ വംശീയ പരാമർശം; സഞ്ജയ് മഞ്ജരേക്കർക്കെതിരെ വിമര്‍ശന ശരങ്ങളുയര്‍ത്തി സോഷ്യല്‍ മീഡിയ

ഇന്ത്യൻ വനിത ടീമിന്റെ കോച്ചിങ് യൂണിറ്റിനെക്കുറിച്ച് സംസാരിക്കവെയാണ് മഞ്ജരേക്കർ വിവാദ പരാമർശം നടത്തിയത്

Author : ന്യൂസ് ഡെസ്ക്

ലൈവ് കമൻ്ററിക്കിടെ നടത്തിയ ഒരു പരാമർശത്തിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. കഴിഞ്ഞ ദിവസം വനിത ടി20 ലോകകപ്പിൽ ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിനിടെ നടത്തിയ ഒരു പരാമർശമാണ് മഞ്ജരേക്കറെ വെട്ടിലാക്കിയത്. നോർത്ത് ഇന്ത്യൻ താരങ്ങളെക്കുറിച്ച് തനിക്ക് ​ഗാഢമായ അറിവില്ലെന്നായിരുന്നു അദ്ദേഹം നടത്തിയ പരാമർശം.

ഇന്ത്യൻ വനിത ടീമിന്റെ കോച്ചിങ് യൂണിറ്റിനെക്കുറിച്ച് സംസാരിക്കവെയാണ് മഞ്ജരേക്കർ വിവാദ പരാമർശം നടത്തിയത്. മുൻ പഞ്ചാബ് താരവും ടീമിൻ്റെ ഫീൽഡിംഗ് പരിശീലകനുമായ മുനിഷ് ബാലിയെ കുറിച്ച് അദ്ദേഹത്തിൻ്റെ സഹ കമൻ്റേറ്റർ സംസാരിച്ചു. അപ്പോഴാണ് ബാലിയെ അറിയില്ല എന്ന് മഞ്ജരേക്കർ പറഞ്ഞത്.


"ക്ഷമിക്കണം, എനിക്ക് അദ്ദേഹത്തെക്കുറിച്ച് അധികം അറിയില്ല. നോർത്ത് കെ പ്ലയേഴ്സ് കി തരാഫ് മേരാ സ്യാദാ ധ്യാൻ നഹി ഹോതാ (ഉത്തരേന്ത്യയിൽ നിന്നുള്ള കളിക്കാരെ ഞാൻ അധികം ശ്രദ്ധിക്കാറില്ല)," മഞ്ജരേക്കർ ഓൺ-എയർ പറഞ്ഞു. ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾക്ക് വഴിവെച്ചു. ശേഷം മഞ്ജരേക്കർ എയറിലാണ്.


വനിതാ ടി20 ലോകകപ്പില്‍ ആദ്യ കിരീട മോഹവുമായെത്തിയ ഇന്ത്യക്ക് തുടക്കം പാളിയിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ന്യൂസിലാന്‍ഡിനോട് തോൽവി സമ്മതിക്കേണ്ടി വന്നു. നാലുവിക്കറ്റ് നേടിയ റോസ്‌മേരി മെയിറാണ് ഇന്ത്യയെ തകര്‍ത്തത്. ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ക്യാപ്റ്റനും ഹര്‍മന്‍പ്രീത് കൗറും പവർപ്ലേയിൽ തന്നെ പുറത്തായതോടെയാണ് ഇന്ത്യൻ പതനം ആരംഭിച്ചത്. മധ്യനിരയ്ക്കും പിടിച്ചുനില്‍ക്കാനാവാതെ വന്നതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. 15 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഒരു ഇന്ത്യൻ ബാറ്റർക്കും 20 റൺസ് കടക്കാൻ സാധിച്ചില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

SCROLL FOR NEXT