SPORTS

'ഹലോ ക്യാപ്റ്റന്‍...' ദ്രാവിഡിന്‍റെ ഫോണിലേക്ക് സഞ്ജുവിന്‍റെ കോള്‍! വൈറലായി രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോ

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് ക്യാംപിലേക്ക് തിരിച്ചെത്തുന്നു എന്നത് സ്ഥിരീകരിക്കുന്ന ഒരു വീഡിയോയാണ് ആർ ആർ സോഷ്യൽ മീഡിയ ടീം പങ്കുവെച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി മുൻ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ചുമതലയേൽക്കും. ദ്രാവിഡ് റോയല്‍സിലെത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്. ദ്രാവിഡ് പ്രധാന കോച്ചായി വന്നെങ്കിലും കുമാര്‍ സംഗക്കാര രാജസ്ഥാനൊപ്പം തുടരും. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടൊപ്പം സഞ്ജുവിന്റെ ഫോണ്‍ കോള്‍ വരുന്ന വീഡിയോയും റോയല്‍സ് പങ്കുവെച്ചു.


രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് ക്യാംപിലേക്ക് തിരിച്ചെത്തുന്നു എന്നത് സ്ഥിരീകരിക്കുന്ന ഒരു വീഡിയോയാണ് ആർ ആർ സോഷ്യൽ മീഡിയ ടീം പങ്കുവെച്ചിരിക്കുന്നത്. ദ്രാവിഡിന്റെ മൊബൈലില്‍ സഞ്ജു സാംസണ്‍ എന്ന് തെളിയുകയും അദ്ദേഹം ഫോണെടുത്ത് 'ഹലോ ക്യാപ്റ്റന്‍' എന്ന പറയുകയും ചെയ്യുന്നുണ്ട്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ മെന്ററും ഡയറക്ടറും കൂടിയാണ് രാഹുല്‍ ദ്രാവിഡ്. മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2013ല്‍ ടീമിനെ ചാംപ്യന്‍സ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്. 2014, 2015 സീസണുകളിലാണ് ദ്രാവിഡ് രാജസ്ഥാന്റെ ഡയറക്ടറും മെന്ററുമായത്. ഈ കാലഘട്ടത്തിലാണ് നിലവില്‍ ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലേക്കെത്തുന്നത്.


20 - 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ പരിശീലക സ്ഥാനം ദ്രാവിഡ് ഒഴിഞ്ഞിരുന്നു. പിന്നാലെയാണ് ദ്രാവിഡ് വീണ്ടും ഐപിഎല്ലില്‍ പരിശീലകനായി തിരിച്ചെത്തുന്നത്. അടുത്ത സീസണിലേക്കാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായി കരാറൊപ്പിട്ടതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

SCROLL FOR NEXT