Source: News Malayalam 24x7
SPORTS

സംസ്ഥാനത്തെ കായിക താരങ്ങളും പരിശീലകരും ദുരിതത്തിൽ; സ്പോർട്സ് കൗൺസിലിലെ പരിശീലകർക്ക് ശമ്പളവും പെൻഷനുമില്ല, കായികതാരങ്ങൾക്ക് പോഷകാഹാരമില്ല

മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് ശമ്പളം കിട്ടാതെ വലയുകയാണ് സ്പോർട്സ് കൗൺസിലിലെ കായിക പരിശീലകർ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളിലെ കായിക താരങ്ങളും പരിശീലകരും ദുരിതത്തിൽ. പരിശീലകർക്ക് ശമ്പളം ലഭിക്കാത്തതും വിരമിച്ച പരിശീലകർക്ക് പെൻഷൻ ലഭിക്കാത്തതുമാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. കായിക താരങ്ങൾക്ക് വേണ്ട പോഷകാഹാരം ലഭിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.

മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് ശമ്പളം കിട്ടാതെ വലയുകയാണ് സ്പോർട്സ് കൗൺസിലിലെ കായിക പരിശീലകർ. വിരമിച്ച പരിശീലകർക്ക് പെൻഷൻ ലഭിച്ചിട്ട് നാല് മാസം പിന്നിട്ടു. മുടങ്ങാതെ പെൻഷൻ ലഭിക്കണമെന്ന് കായിക വകുപ്പിന് മുന്നിൽ പല തവണ പരിശീലകർ ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ പെൻഷനും പരിശീലകർക്കുള്ള ശമ്പളവും കൃത്യമായി നൽകുന്നില്ലെന്നതാണ് യാഥാർഥ്യം.

പെൻഷൻ മുടങ്ങിയതിലൂടെ പ്രയാസപ്പെടുകയാണ് വിരമിച്ച പ്രായമേറിയ പരിശീലകർ. മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥ. നിലവിലെ പരിശീലകർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം പോലും ലഭിച്ചിട്ടില്ല. 70ലേറെ സ്ഥിരം പരിശീലകരും 50ലേറെ താൽക്കാലിക പരിശീലകരും ശമ്പളം ലഭിക്കാതായതോടെ പ്രതിസന്ധിയിലാണ്.

ഇതുകൂടാതെ ഹോസ്റ്റലുകളിൽ കഴിയുന്ന കായിക താരങ്ങളും ബുദ്ധിമുട്ടിലാണ്. ഒരു ദിവസം 250 രൂപയുടെ പോഷകാഹാരം ലഭിക്കണമെന്നിരിക്കെ സാധനങ്ങളുടെ സ്റ്റോക്ക് അനുസരിച്ച് ഇഷ്ടമുള്ള എന്തെങ്കിലും താരങ്ങൾക്ക് നൽകുന്നതാണ് ഇപ്പോൾ പതിവ്. നിത്യേനെ പരിശീലനം ഉള്ള കായിക താരങ്ങൾക്ക് ആവശ്യമുള്ള ആഹാരം കൃത്യമായി ലഭിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.

ആഹാരം മാത്രമല്ല, കായിക പരിശീലനത്തിന് വേണ്ട ഉപകരണങ്ങളുടെ ലഭ്യതയും ഇല്ല. സ്പോർട്സ് കൗൺസിലെ കുട്ടികൾക്ക് ലഭിക്കേണ്ട കായിക കിറ്റ് ലഭിച്ചിട്ട് തന്നെ വർഷങ്ങൾ ഏറെയായി. പല തരത്തിലുള്ള പ്രതിസന്ധികൾ കാരണം പരിശീലനം നിർത്തി പോയവരും ഏറെയാണ്.

SCROLL FOR NEXT