ഏഷ്യ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയെ പരാജയപ്പെടുത്തി ശ്രീലങ്ക ചാംപ്യന്മാർ. ഇതാദ്യമായാണ് ശ്രീലങ്ക വനിത ടീം ഏഷ്യ കപ്പ് നേടുന്നത്. എട്ടാം കിരീടമെന്ന മോഹവുമായി കളത്തിലിറങ്ങിയ ഇന്ത്യൻ സംഘത്തിന് അടിതെറ്റി. ഞായറാഴ്ചത്തെ ഫൈനലിൽ ഇന്ത്യ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം ശ്രീലങ്ക അനായാസം മറികടന്നു. സ്കോർ: ഇന്ത്യ - 20 ഓവറിൽ 165/6, ശ്രീലങ്ക: 18.4 ഓവറിൽ 167/2.
അഞ്ചു വട്ടം ഫൈനൽ കളിച്ചെങ്കിലും ഒരിക്കൽപ്പോലും ശ്രീലങ്കയ്ക്ക് കിരീടനേട്ടം സ്വന്തമാക്കാനായില്ല. അഞ്ചുതവണയും ഇന്ത്യയായിരുന്നു ഫൈനലിൽ എതിരാളികൾ. ഇത്തവണ ഇതിനെല്ലാമുള്ള മറുപടിയായിരുന്നു ശ്രീലങ്ക. നായകൻ ചമരി അട്ടപ്പട്ടുവിന്റെ ബാറ്റിങ് മികവാണ് ശ്രീലങ്കയ്ക്ക് കന്നിക്കിരീടം സമ്മാനിച്ചത്. 43 പന്തുകളിൽ ഒമ്പത് ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 61 റൺസ് നേടി അട്ടപ്പട്ടു ശ്രീലങ്കയുടെ വിജയശിൽപ്പിയായി.
ഗ്രൂപ്പ് എ-യിലെ മൂന്നുമത്സരങ്ങളിലും ആധികാരികജയം നേടിയാണ് കിരീടപ്പോരാട്ടത്തിന് ടീം ഇന്ത്യ അർഹതനേടിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ടീം സ്മൃതി മന്ദാനയുടെ ബാറ്റിങ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 47 പന്തുകള്‍ നേരിട്ട സ്മൃതി പത്ത് ബൗണ്ടറികളോടെ 60 രൺസ് സ്വന്തമാക്കി.