SPORTS

ലങ്ക ഏകദിന പരമ്പര ഇങ്ങ് എടുത്തു; ഇന്ത്യക്കെതിരെ ആധികാരിക വിജയം

ഇതോടെ പരിശീലക ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഏകദിന പരമ്പര വിജയിക്കാനുള്ള ​ഗംഭീറിന്റെയും സംഘത്തിന്റെയും സ്വപ്നം പൊലിഞ്ഞു

Author : ന്യൂസ് ഡെസ്ക്

ടി20 പരമ്പര കൈവിട്ടതിന് പകരംവീട്ടി ലങ്കൻ പട. ഇന്ത്യക്കെതിരായ ഏകദിന പരമ്പര ആധികാരികമായി ശ്രീലങ്ക കൈപ്പിടിയിലൊതുക്കി. നാണംകെട്ട തോൽവി നേരിടേണ്ടി വന്ന ടീം ഇന്ത്യക്ക് ഒരു നിലയിലും ആശ്വാസം പകരാതെയായിരുന്നു 'ലങ്കൻ ദഹനം'. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 138 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലാഗെയും 96 റണ്‍സ് നേടിയ അവിഷ്‌ക ഫെര്‍ണാണ്ടോയുമാണ് ശ്രീലങ്കയ്ക്കായി വിജയം തുറുപ്പുചീട്ടുകളായത്.

ആദ്യ മത്സരം സമനിലയിലും രണ്ടാംമത്സരം ശ്രീലങ്കയുടെ ജയത്തിലും കലാശിച്ചിരുന്നു. അവസാന മത്സരം ജയിച്ച് പരമ്പര സമനിലിയാക്കാം എന്ന പ്രതീക്ഷയും അവർ കൈവിട്ടു. 110 റൺസിന്റെ വലിയ തോൽവിയായിരുന്നു ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇതോടെ പരിശീലക ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഏകദിന പരമ്പര വിജയിക്കാനുള്ള ​ഗംഭീറിന്റെയും സംഘത്തിന്റെയും സ്വപ്നം പൊലിഞ്ഞു.

നായകൻ രോഹിത് ശർമ മാത്രമാണ് പരമ്പരയിൽ ഉടനീളം ഇന്ത്യക്കായി മികച്ച ബാറ്റിങ് പ്രകടനം കാഴ്ച്ചവെച്ചത്. മൂന്നാം ഏകദിനത്തിലും 35 റൺസ് നേടിയ രോഹിത് തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആറ് റണ്‍സ് മാത്രം നേടി അഞ്ചാം ഓവറില്‍ത്തന്നെ ശുഭ്മാന്‍ ഗില്‍ മടങ്ങി. എട്ടാം ഓവറില്‍ രോഹിത്തും പത്താം ഓവറില്‍ ഋഷഭ് പന്തും (6) 11-ാം ഓവറില്‍ വിരാട് കോലിയും (20) 13-ാം ഓവറില്‍ അക്ഷര്‍ പട്ടേല്‍ (2), ശ്രേയസ് അയ്യര്‍ (8) എന്നിവരും മടങ്ങിയതോടെ മത്സരത്തിന്റെ ​ഗതി എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ച് ഒരു തീരുമാനമായി.

18-ാം ഓവറില്‍ ശിവം ദുബെയും (9) പോയതോടെ ഇന്ത്യ എട്ട് വിക്കറ്റിന് 101 എന്ന നിലയിലായി. തുടര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദര്‍ (18 പന്തില്‍ 30) നിര്‍ഭയമായി ബാറ്റുവീശി. എന്നാൽ അതുകൊണ്ടൊന്നും കാര്യമായില്ല. ഇരുപത്തിയേഴാം ഓവറിൽ എല്ലാ ബാറ്റ്സ്മാന്മാരും കൂടാരം കയറി. ഇന്ത്യക്ക് വമ്പൻ തോൽവി. അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലാ​ഗെയാണ് ഇന്ത്യയെ പൂർണമായും തകർച്ചയിലേക്ക് നയിച്ചത്. വെല്ലാലാ​ഗെ ടൂർണമെന്റിലെ താരവും അവിഷ്ക ഫെർണാണ്ടോ കളിയിലെ താരവുമായി തെരഞ്ഞെടുക്കപ്പെട്ടു.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക, നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി. സെഞ്ചുറിക്ക് നാല് റണ്‍സകലെ പുറത്തായ ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയുടെ (102 പന്തില്‍ 96 റണ്‍സ്) കിടിലന്‍ പ്രകടനമാണ് ശ്രീലങ്കയെ മികച്ച നിലയിലെത്തിച്ചത്. വിക്കറ്റ് കീപ്പര്‍ കുഷാല്‍ മെന്‍ഡിസിന്റെ (82 പന്തില്‍ 59) പ്രകടനവും ശ്രീലങ്കയ്ക്ക് തുണയായി. ഇന്ത്യക്കായി റിയാന്‍ പരാഗ് മൂന്ന് വിക്കറ്റുകള്‍ നേടി.

SCROLL FOR NEXT