പൃഥ്വിരാജിനെ വെല്ലുവിളിച്ച് ബേസില്‍ ജോസഫ് Source: Screenshot/ Super League Kerala
SPORTS

മിസ്റ്റർ പൃഥ്വിരാജിന് പേടിയുണ്ടോയെന്ന് ബേസില്‍; ഇത്തവണ കാലിക്കറ്റ് എഫ്.സിയുടെ ഫ്യൂസ് ഊരുമെന്ന് മറുപടി

സൂപ്പർ ലീഗ് കേരള രണ്ടാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ ബേസില്‍ ജോസഫിന്റെ കാലിക്കറ്റ് എഫ്.സി പൃഥ്വിരാജ് സുകുമാരന്റെ ഫോഴ്സാ കൊച്ചി എഫ്.സിയെ നേരിടും

Author : ന്യൂസ് ഡെസ്ക്

കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്താന്‍ സൂപ്പർ ലീഗ് കേരള രണ്ടാം സീസണ്‍ എത്തുന്നു. ഒക്ടോബർ രണ്ടിന് ആണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ബേസില്‍ ജോസഫിന്റെ കാലിക്കറ്റ് എഫ്.സി പൃഥ്വിരാജ് സുകുമാരന്റെ ഫോഴ്സാ കൊച്ചി എഫ്.സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മുന്നോടിയായി സൂപ്പർ ലീഗ് കേരള പുറത്തിറക്കിയ പ്രമോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്.

പൃഥ്വിരാജും ബേസിലുമാണ് പ്രമോയില്‍ എത്തുന്നത്. നിലവിലെ ചാംപ്യന്‍ ടീമിന്റെ ഉടമയായ ബേസില്‍ പൃഥ്വിരാജിനെ ഫോണ്‍ വിളിക്കുന്നതായാണ് പ്രമോ വീഡിയോ. "ഹലോ മിസ്റ്റർ പൃഥ്വിരാജ് സുകുമാരന്‍. ഫുട്ബോള്‍ ​ഗ്രൗണ്ടില്‍ തീയാകും ഞങ്ങള്‍ കാലിക്കറ്റ് എഫ്സി. സീസണ്‍ ടുവാണ് വരുന്നത്. പേടിയുണ്ടോ? ചാംപ്യനാണ് സംസാരിക്കുന്നത്," എന്ന് പ്രാക്ടീസ് ചെയ്ത ശേഷമാണ് ബേസില്‍ നടനെ വിളിക്കുന്നത്. പക്ഷേ പൃഥ്വിയുടെ ശബ്ദം കേള്‍ക്കുന്നതും ബേസിലിന്റെ ധൈര്യം ചോർന്നുപോകുന്നു.

എങ്ങനെയൊക്കയോ കഴിഞ്ഞ സീസണ്‍ ഓർമയുണ്ടല്ലോ എന്ന് ബേസില്‍ പറഞ്ഞൊപ്പിക്കുന്നു. ഇത്തവണ നിങ്ങളുടെ ഫ്യൂസ് ഊരുമെന്ന് പൃഥ്വിയും വെല്ലുവിളിക്കുന്നു. രാജമൗലിയുടെ സെറ്റിലാണോ എന്ന് ബേസില്‍ കുശലം ചോദിക്കുമ്പോള്‍ അല്ല സ്കോർസസിയുമായി ചർച്ചയിലാണെന്ന് മറുപടിയും നല്‍കുന്നുണ്ട് താരം. ഇരുവരുടെയും വെല്ലുവിളി ഫുട്ബോള്‍ ആരാധകരെ ഫുള്‍ ചാർജ് ആക്കിയിരിക്കുകയാണ്.

ആദ്യ സീസണ്‍ അവസാനിപ്പിച്ച ഇടത്തുനിന്ന് തന്നെ തങ്ങള്‍ പുതിയ സീസൺ ആരംഭിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം സൂപ്പർ ലീഗ് കേരളയുടെ ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ് പറഞ്ഞത്. ഒക്ടോബർ രണ്ട് മുതൽ കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ഉത്സവകാലം തുടങ്ങുകയാണെന്നും സിഇഒ പറഞ്ഞു.

ലീഗിന്റെ ഔദ്യോഗിക മാച്ച് ബോളിന് ‘സാഹോ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഫിഫ അംഗീകൃത ബോളാണിത്. ആനയുടെ മുഖത്തോടെയുള്ളതാണ് സൂപ്പർ ലീഗ് ട്രോഫി.

SCROLL FOR NEXT