SPORTS

സൂപ്പർ സൂര്യ, ശ്രീലങ്കയ്ക്കെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ

ശുഭ്മൻ ​ഗില്ലും റിയാൻ പരാ​ഗും വാഷിങ്ടൺ സുന്ദറുമാണ് ഇന്ത്യയ്ക്കായി മികച്ച ബാറ്റിങ് കാഴ്ച്ചവെച്ചത്

Author : ന്യൂസ് ഡെസ്ക്

അവസാന നിമിഷം വരെ ത്രില്ലടിപ്പിച്ച സൂപ്പർ പോരാട്ടത്തിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരം ഇന്ത്യ കൈപ്പിടിയിലൊതുക്കുകയായിരുന്നു. കൈവിട്ടു എന്നുറപ്പിച്ച മത്സരമാണ് അവസാന നിമിഷത്തിൽ ഇന്ത്യ പിടിച്ചടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനെത്തിയ ശ്രീലങ്കയ്ക്കും 20 ഓവറിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് പക്ഷെ അടിതെറ്റി. വാഷിങ്ടൺ സുന്ദർ എറിഞ്ഞ ഓവറിൽ മൂന്ന് പന്തുകളിൽ രണ്ട് റൺസ് എടുക്കുന്നതിനിടെ രണ്ട് ബാറ്റ്സ്മാന്മാരും കൂടാരം കയറി. ചേസിങ്ങിനായി ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്ക്ക് വിജയം നേടാൻ വെറും ഒരു പന്ത് മാത്രം മതിയായിരുന്നു. നായകൻ സൂര്യകുമാർ യാദവ് ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തു.

ശുഭ്മൻ ​ഗില്ലും റിയാൻ പരാ​ഗും വാഷിങ്ടൺ സുന്ദറുമാണ് ഇന്ത്യയ്ക്കായി മികച്ച ബാറ്റിങ് കാഴ്ച്ചവെച്ചത്. ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണ മൂന്നും വനിന്ദു ഹസരങ്ക രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനെത്തിയ ശ്രീലങ്കയുടെ തുടക്കം വളരെ മികച്ചതായിരുന്നു. നിസം​ഗയും കുശാൽ മെൻഡിസും കുശാൽ പെരേരയും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. എന്നാൽ അവരുടെ മടക്കം ഒരു ദുരന്തത്തിൽ ചെന്ന് കലാശിക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ആർക്കും രണ്ടക്കം നേടാൻ സാധിച്ചില്ല. സ്പിന്നേഴ്സ് ഇന്ത്യയ്ക്കായി വിജയവഴി വെട്ടി. വാഷിങ്ടൺ സുന്ദറും രവി ബിഷ്ണോയും റിങ്കു സിങ്ങും നായകൻ സൂര്യകുമാർ‌ യാദവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. അങ്ങനെ നായകൻ സൂര്യകുമാറിന്റെ ഒട്ടും പ്രതീക്ഷിക്കാത്ത അവസാന ഓവറുകളിലെ തന്ത്രങ്ങൾ ശ്രീലങ്കയെ വെട്ടിലാക്കി. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരി.

SCROLL FOR NEXT