ഒൻപതാമത് വനിതാ ഏഷ്യാകപ്പ് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ യുഎഇ-നേപ്പാൾ പോരാട്ടമായിരിക്കും നടക്കുക. ആദ്യ ദിനം തന്നെ ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പർ പോരാട്ടവും അരങ്ങേറും. ശ്രീലങ്കയാണ് ഇത്തവണ ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുന്നത്.
വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ആധിപത്യമുള്ള ടൂർണമെൻ്റാണ് ഏഷ്യാകപ്പ്. 2004 ല്‍ തുടങ്ങിയ ടൂർണമെൻ്റിൽ എട്ടില്‍ ഏഴ് കിരീടങ്ങളും സ്വന്തമാക്കിയത് ഇന്ത്യയുടെ പെൺപുലികളാണ്. 2018ല്‍ മാത്രമാണ് രാജ്യത്തിന് കിരീടം നഷ്ടമായത്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ കിരീടം നിലനിർത്താൻ ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ തന്നെ പാകിസ്ഥാന്‍ എതിരാളികളായി എത്തുന്നതോടെ ആരാധകർക്കും ആവേശമേറുകയാണ്. ഹർമന്‍പ്രീർ കൗറിൻ്റെ കീഴില്‍ ഇറങ്ങുന്ന ടീമില്‍ സ്‍മൃതി മന്ദാന, ഷെഫാലി വർമ, ദീപ്‍തി ശർമ, തുടങ്ങിയവർ കളത്തിലിറങ്ങും. മലയാളികളുടെ അഭിമാനമായി ആശ ശോഭനയും, സജന സജീവനും ടീമിലുണ്ട്. നിദാ ദർ ആണ് പാകിസ്ഥാന്‍ ടീം ക്യാപ്റ്റന്‍. നാളെ വൈകീട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ഉദ്ഘാടക മത്സരത്തില്‍ യുഎഇയെ നേപ്പാൾ നേരിടും.