ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകപ്പ് ഫൈനലില്‍ ഇന്ത്യ വിജയിക്കാനുള്ള ഏറ്റവും പ്രധാന കാരണം അവസാന ഓവറില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ എടുത്ത ക്യാച്ചാണ്. ലോകകപ്പുകളുടെ ചരിത്രത്തിലെ തന്നെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു ആ ക്യാച്ച്.
എന്നാല്‍ ഇന്ത്യന്‍ വിജയത്തിനു പിന്നാലെ ഈ ക്യാച്ച് വിവാദങ്ങളിലും ഇടംപിടിച്ചിരുന്നു. സൂര്യ ക്യാച്ചെടുക്കുന്ന സമയത്ത് ബൗണ്ടറി കുഷ്യന്‍ യഥാര്‍ഥ ബൗണ്ടറി ലൈന്‍ വേണ്ടയിടത്തുനിന്ന് അല്‍പം നീങ്ങിയായിരുന്നു കിടന്നിരുന്നത് എന്നായിരുന്നു ഒരുപറ്റം ആരാധകരുടെ വാദം. ഇതിനെ ചുറ്റിപ്പറ്റി നിരവധി വീഡിയോകൾ പ്രോട്ടീസ് ആരാധകർ പങ്കുവെച്ചിരുന്നു. ഇവര്‍ പങ്കുവെച്ച വീഡിയോയില്‍ ബൗണ്ടറി കുഷ്യന്‍ നീങ്ങിക്കിടക്കുന്നതും യഥാര്‍ഥത്തില്‍ അത് വേണ്ടയിടത്ത് പുല്ലില്‍ ബൗണ്ടറി ലൈനിന്റെ അടയാളവും കാണുന്നുണ്ടായിരുന്നു. ഇതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങളുമുണ്ടായി.
എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷോണ്‍ പൊള്ളോക്ക്.
''അത് നല്ലൊരു ക്യാച്ചായിരുന്നു. ബൗണ്ടറി കുഷ്യന്‍ നീങ്ങിക്കിടക്കുകയായിരുന്നു. എന്നാലത് കളിയുടെ ഗതിക്കനുസരിച്ചായിരുന്നു. സൂര്യകുമാറിന് അതുമായി യാതൊരു ബന്ധമൊന്നുമില്ല. അവന്‍ ബൗണ്ടറി കുഷ്യനില്‍ ചവിട്ടിയിട്ടില്ല. മികച്ചൊരു സ്‌കില്ലായിരുന്നു അത്.'' പൊള്ളോക്ക് പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.
മത്സരത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു ആ ക്യാച്ച്. ആറു പന്തില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഹാര്‍ദിക് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തു തന്നെ സിക്സര്‍ പറത്താനായിരുന്നു മില്ലറുടെ ശ്രമം. മില്ലര്‍ അടിച്ച പന്ത് സിക്സറായി എന്നുതന്നെ എല്ലാവരും കരുതി. എന്നാല്‍ ലോങ് ഓണ്‍ ബൗണ്ടറിയില്‍ ഓടിയെത്തിയ സൂര്യ പന്ത് പിടിച്ചു. താന്‍ ബൗണ്ടറിക്കുള്ളിലേക്ക് പോകുമെന്ന് മനസിലാക്കിയ സൂര്യ പന്ത് വായുവിലേക്കെറിഞ്ഞു. പിന്നീട് ബൗണ്ടറി ലൈനിന് പുറത്തേക്ക് കടന്ന് അവിശ്വസനീയമായി പന്ത് കൈക്കുള്ളിലാക്കുകയായിരുന്നു.