ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂർണ ആധിപത്യം നിലനിർത്തി അഫ്ഗാനിസ്ഥാനെതിരെ മിന്നും വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയതോടെ തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ ഫൈനൽ കളിക്കാനൊരുങ്ങുകയാണ് എയ്ഡൻ മാർക്രമും സംഘവും. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ പ്രോട്ടീസ് ബൗളിങ് നിരയ്ക്ക് മുന്നിൽ താളം തെറ്റുകയായിരുന്നു. 11.5 ഓവർ ബാറ്റ് ചെയ്യുമ്പോഴേക്കും 56 റൺസിന് അവർ ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികൾ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും.
ആദ്യ ഓവർ മുതൽ തന്നെ അഫ്ഗാനിസ്ഥാന് ശനിദശയായിരുന്നു. തുടക്കത്തിൽ തന്നെ റണ്ണൊന്നും എടുക്കാതെ വെടിക്കെട്ട് ബാറ്റ്സ്മാൻ റഹ്മാനുള്ള ഗുര്‍ബാസ് പോയതോടെ അവര്‍ വിയര്‍ക്കാന്‍ തുടങ്ങി. പിന്നീടങ്ങോട്ട് നിരനിരയായി വിക്കറ്റുകൾ പൊഴിയുകയായിരുന്നു. 10 റൺസെടുത്ത അഹ്മത്തുള്ള ഒമര്‍സായാണ് അഫ്ഗാന്റെ ടോപ് സ്കോറർ. ആറ് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത തബ്രയിസ് ഷംസിയും 16 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ നേടിയ മാർക്കോ യാൻസനുമാണ് അഫ്ഗാൻ കൊളാപ്സിന്റെ മുഖ്യ കാരണക്കാർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് നിര അനായാസമായി തങ്ങളുടെ ലക്ഷ്യത്തിലെത്തി. ഹെൻറിക്സ് 29 റൺസും നായകൻ മാർക്രം 23 റൺസും നേടി ദക്ഷിണാഫ്രിക്കൻ വിജയത്തിന് വഴിതെളിച്ചു.