ഫിഫയുടെ മെസി പോസ്റ്റ് 
SPORTS

ഫിഫയുടെ 'മലയാളം മെസി പോസ്റ്റിന്' പിന്നില്‍ മലയാളത്തോടുള്ള സ്നേഹമൊന്നും അല്ല; വെറും കച്ചവടം.!

'ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തില്‍ പത്ത്' എന്ന ആവേശത്തിലെ ഗാനം പച്ച മലയാളത്തില്‍ എഴുതിവച്ച മെസിയുടെ ഫോട്ടോ അതും ഫിഫയുടെ ഔദ്യോഗിക അക്കൗണ്ടില്‍. മലയാളിയുടെ ഫുട്ബോള്‍ ജ്വരത്തിനും, ആവേശത്തിനും ലോക ഫുട്ബോള്‍ സംഘടന അങ്ങ് ആദരിച്ചതാണ് എന്നതാണ് പൊതുവില്‍ ഇത് അങ്ങ് വിലയിരുത്തപ്പെട്ടതും വാര്‍ത്ത വന്നതും.

Author : വിപിന്‍ വി.കെ

മെസി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായതിന് പിന്നാലെ രാവിലെ ഉറക്കമെഴുന്നേറ്റ് നോക്കിയ മലയാളി ഒന്ന് ഞെട്ടി, 'ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തില്‍ പത്ത്' എന്ന ആവേശത്തിലെ ഗാനം പച്ച മലയാളത്തില്‍ എഴുതിവച്ച മെസിയുടെ ഫോട്ടോ അതും ഫിഫയുടെ ഔദ്യോഗിക അക്കൗണ്ടില്‍. മലയാളിയുടെ ഫുട്ബോള്‍ ജ്വരത്തിനും, ആവേശത്തിനും ലോക ഫുട്ബോള്‍ സംഘടന അങ്ങ് ആദരിച്ചതാണ് എന്നതാണ് പൊതുവില്‍ ഇത് അങ്ങ് വിലയിരുത്തപ്പെട്ടതും വാര്‍ത്ത വന്നതും. പതിവ് പോലെ ഫിഫ പേജിന്‍റെ അഡ്മിന്‍ ഒരു മല്ലുവല്ലെ എന്ന ചോദ്യവും ഉയര്‍ന്നു. അത് സ്വഭാവികമാണ്.

എന്തായാലും മലയാളിയുടെ ഫുട്ബോള്‍ ആവേശം കണ്ടിട്ടാണ് ഫിഫയ്ക്ക് ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടാന്‍ തോന്നിയത്? ഈ ആദരവിന് നന്ദി പ്രകടിപ്പിക്കാന്‍ ഇറങ്ങും മുന്‍പ് സംഭവത്തിന്‍റെ ഇരിപ്പുവശം അങ്ങനെയല്ലെന്ന് വ്യക്തമാകും. ഇന്ത്യയിലെ ഫിഫ പേജില്‍ കാണുന്ന ഈ പോസ്റ്റ് എന്നാല്‍ മറ്റൊരു രാജ്യത്ത് കാണാന്‍ സാധിക്കില്ല എന്നതാണ് നേര്. ഇവിടെ നല്‍കിയിരിക്കുന്ന ചിത്രം ഓസ്ട്രേലിയയില്‍ നിന്നുള്ള ചിത്രമാണ്, മറ്റേത് ഇന്ത്യയില്‍ നിന്നുള്ള ചിത്രവും മലയാളി ആഘോഷിച്ച ആ ചിത്രം എന്നാല്‍ അവിടെ ഇല്ല.

ഫിഫ പേജിലെ മെസിയുടെ ഫോട്ടോ

ഇത് പോലെ തന്നെ ചരിത്ര പുരുഷന്‍ എന്ന് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ എഴുതിയ ഒരു ചിത്രവും മെസിയുടെ ചരിത്ര നേട്ടത്തിന് ആദരവായി ഫിഫ വേള്‍ഡ് കപ്പ് പേജില്‍ അപ്ലോഡ് ചെയ്തിരുന്നു. എന്നാല്‍ അതും സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ അല്ലാതെ കാണാന്‍ പറ്റില്ല എന്നതാണ് സത്യം. അതായത് ആഘോഷിച്ച ഈ പോസ്റ്റ് മലയാളികളെ ആഘര്‍ഷിക്കാന്‍ ഇട്ട ഒരു പോസ്റ്റാണ്, അത് ഒരു ആഗോള പോസ്റ്റ് അല്ലെന്ന് അര്‍ത്ഥം.

മാര്‍ക്കറ്റിംഗ് തന്നെ മുഖ്യം...

എന്താണ് ഇതിന് പിന്നിലെ ലക്ഷ്യം എന്ന് പരിശോധിച്ചാല്‍ ആളെ കൂട്ടുക എന്നതാണ് എന്ന് വ്യക്തമാണ്. @fifaworldcup എന്ന് ഫിഫയുടെ ലോകകപ്പ് ഔദ്യോഗിക അക്കൗണ്ട് പിന്തുടരുന്നവരില്‍ ബ്രസീലില്‍ നിന്നുള്ളവര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഇന്ത്യയില്‍ നിന്നാണ്. മൊത്തം ഫോളോവേര്‍സിന്‍റെ 10.21 ശതമാനം പേര്‍ ഇന്ത്യയില്‍ നിന്ന് ഫിഫ വേള്‍ഡ് കപ്പ് ഔദ്യോഗിക പേജ് ഫോളോ ചെയ്യുന്നു എന്നാണ് ജൂണ്‍ 22ലെ കണക്ക്. ബ്രസീലാണ് ഒന്നാമത് 16.09 ശതമാനം ഫോളോവേര്‍സ് വരുന്നത് ഇവിടെ നിന്നാണ്. ലോകകപ്പ് വേദിയായ യുഎസ്, ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന, ലോകകപ്പില്‍ കളിക്കുന്ന മറ്റ് രാജ്യങ്ങള്‍ എല്ലാം ഇന്ത്യയ്ക്ക് പിറകിലാണ് ഫോളോവേര്‍സിന്‍റെ കാര്യത്തില്‍. ഇതില്‍ തന്നെ ലോകകപ്പിലെ സൂപ്പര്‍താരങ്ങളായ മെസിക്കും റോണാള്‍ഡോയ്ക്കും അവരുടെ രാജ്യങ്ങളിലെ ജനസംഖ്യയേക്കാള്‍ ഫോളോവേര്‍സ് ഉള്ള നാടാണ് ഇന്ത്യ എന്നതും ഫിഫയെ ആകര്‍ഷിക്കുന്ന ഘടകമാണ്.

അതായത് ഈ ലോകകപ്പിന്‍റെ പ്രധാന മാര്‍ക്കറ്റാണ് ഇന്ത്യ. ഇത് പോലെ തന്നെ മിഡില്‍ ഈസ്റ്റിലും വലിയതോതില്‍ ആരാധകര്‍ ലോകകപ്പിന് ഉണ്ട്. ഇവയെല്ലാം മനസില്‍ കണ്ട് നടത്തുന്ന ജിയോ-ടാർഗറ്റിംഗ് ക്യാംപെയിനാണ് മെസിയുടെ മലയാളം പോസ്റ്റ് എന്ന് പറയാം. ഇത്തരത്തിലുള്ള മാര്‍ക്കറ്റിംഗ് ഇന്‍സ്റ്റഗ്രാം അനുവദിക്കുന്നുണ്ട്. ഫിഫ വേള്‍ഡ് കപ്പ് പോലുള്ള ഒരു പ്രമീയം പേജില്‍ ഇതിലും കൂടിയ ടാര്‍ഗറ്റിംഗ് ഫീച്ചറുകള്‍ മെറ്റ അനുവദിക്കുകയും ചെയ്യു. മലയാളത്തിൽ മാത്രമല്ല. ഹിന്ദി, ബംഗാളി, തമിഴ് എന്നീ ഇന്ത്യൻ ഭാഷകളിലും ഫിഫ ജിയോ ടാർഗറ്റഡ് സംവിധാനം ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വളരെ കാലത്തിന് ശേഷം ഫോമിലേക്ക് എത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വേണ്ടി ഇന്ത്യയിലെ പോസ്റ്റ് മറാഠി ഭാഷയിലാണ് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

ഇന്നത്തെക്കാലത്ത് ടാര്‍ഗറ്റിംഗായ ഓഡിയന്‍സിനെ കണ്ടുപിടിച്ച് തങ്ങളുടെ പ്രൊഡക്ട് എത്തിക്കുക എന്നത് സോഷ്യല്‍ മീഡിയ യുഗത്തിലെ ഒരു പ്രധാന തന്ത്രമാണ്. അതിന് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് നിന്നും കേരളത്തെയും മലയാളത്തെയും കണ്ടെത്തി പോസ്റ്റ് ചെയ്തുവെന്ന് പറയാന്‍ പറ്റില്ല. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫാന്‍ ഫോളോയിംഗ് ഉള്ള രാജ്യത്ത് അതിന് പ്രദേശിക നിറം കൊടുക്കാന്‍ ഏജന്‍സികളെ തയ്യാറാക്കിയിട്ടുണ്ട് ഫിഫ. അതായത് ഫിഫയുടെ അഡ്മിന്‍ ആയിരിക്കില്ല കൃത്യമായ കണക്കുകൂട്ടലില്‍ ഒരു ഏജന്‍സി നടത്തിയ ഇടപെടലാണ് ഇത്. എന്തായാലും കേരളത്തിലെ വേള്‍ഡ് കപ്പ് ആവേശത്തെ മെസിയുടെ മലയാളം പോസ്റ്റ് ഒന്ന് ഉത്തേജിപ്പിച്ചുവെന്ന് തന്നെ പറയാം.

SCROLL FOR NEXT