കായിക ലോകത്തിന് ആവേശം പകരുന്ന വർഷമാകും 2026. ഫുട്ബോൾ ലോകകപ്പും പുരുഷ,വനിതാ ട്വൻ്റി ട്വൻ്റി ലോകകപ്പുകളുമടക്കം ആവേശപ്പോരാട്ടങ്ങളാണ് കായികപ്രേമികൾക്കായി കാത്തിരിക്കുന്നത്.
ലോകകപ്പുകളുടെ കൂട്ടപ്പൊരിച്ചിലാണ് 2026ൻ്റെ തിളക്കം. ഖത്തറിൽ ലിയോണൽ മെസ്സി ലോകഫുട്ബോളിൻ്റെ സിംഹാസനം സ്വന്തമാക്കി നാലാം വർഷത്തിലേക്ക് എത്തിയിരിക്കുന്നു. മെസ്സി കിരീടം കാത്തുസൂക്ഷിക്കുമോ പുതിയൊരു അവകാശിയെത്തുമോ? എന്നതാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്.
2026ൻ്റെ ഏറ്റവും തിളക്കമേറിയ കായികപ്പോരാട്ടം ഫിഫ ലോകകപ്പ് തന്നെയാണ്. അമേരിക്ക, കാനഡ,മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങൾ സംയുക്തമായി ആതിഥേയരാകുന്ന ലോകകപ്പിന് ജൂൺ 11നാണ് തുടക്കമാവുക. 48 രാജ്യങ്ങളായി ഉയർത്തിയതിന് ശേഷമുള്ള ആദ്യ ലോകകപ്പിൽ നിലവിലെ ചാംപ്യൻമാരായ അർജൻ്റീനയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും കിലിയൻ എംബപ്പെയുടെ ഫ്രാൻസും ഹാരി കെയ്നിൻ്റെ ഇംഗ്ലണ്ടും ബ്രസീലും സ്പെയിനും ജർമ്മനിയുമെല്ലാം തയ്യാറായിക്കഴിഞ്ഞു.ഏർളിംഗ് ഹാലൻഡിൻ്റെ നോർവെയും കുഞ്ഞൻ രാജ്യങ്ങളായ കേപ് വേർദും ഹെയ്തിയുമടക്കം അത്‌ഭുതങ്ങൾ കാട്ടാൻ ശേഷിയുള്ളവരും കളത്തിലുണ്ട്.ഇനി പ്ലേഓഫ് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
ക്രിക്കറ്റ് പ്രേമികൾക്ക് ഈ വർഷം ഇരട്ടലോകകപ്പിൻ്റെ ആവേശമാണ്. ട്വൻ്റി ട്വൻ്റി ലോകകപ്പിൽ പുരുഷ, വനിതാ ടീമുകൾ കളത്തിലിറങ്ങും.ഇന്ത്യയും ശ്രീലങ്കയും ആതിഥേയരാകുന്ന പുരുഷ ലോകകപ്പ് ഫെബ്രുവരി ഏഴിന് ആരംഭിക്കും.സഞ്ജു സാംസൺ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി കളത്തിലിറങ്ങുന്ന ആവേശം മലയാളി ആരാധകർക്ക് ഇരട്ടിമധുരമാണ്. ഇംഗ്ലണ്ട്, വെയിൽസ് രാജ്യങ്ങൾ ആതിഥേയരാകുന്ന വനിതാ ലോകകപ്പ് മത്സരങ്ങൾ ജൂൺ, ജൂലൈ മാസങ്ങളിലാണ് നടക്കുക.
74 രാജ്യങ്ങൾ മത്സരിക്കുന്ന കോമൺവെൽത്ത് ഗെയിംസും 2026ന് ആവേശമാകുന്നു. ഇത്തവണ സ്കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയാണ് വേദി. ഇതിന് പുറമേ, വിൻ്റർ ഒളിംപിക്‌സിനും വിൻ്റർ പാരാലിംപിക്‌സിനും കാത്തിരിക്കുകയാണ് ആരാധകർ.ഇറ്റലിയാണ് രണ്ട് മേളകളുടെയും വേദി. മിനി താരലേലം പൂർത്തിയാക്കി ഐപിഎൽ ടീമുകളും വലിയ പ്രതീക്ഷയോടെയാണ് പുതുവർഷത്തെ കാത്തിരിക്കുന്നത്. ചെന്നൈയിലേക്കുള്ള സഞ്ജു സാംസണിൻ്റെ വരവാണ് ഇത്തവണത്തെ ഹൈലൈറ്റ്.
ടെന്നിസിൽ ഗ്രാൻസ്ലാം പോരാട്ടങ്ങൾക്ക് ജനുവരി 18ന് ഓസ്ട്രേലിയൻ ഓപ്പണോടെ തുടക്കമാകും.ഇത്തവണയും കാർലോസ് അൽക്കറാസ്, യാനിക് സിന്നർ പോരിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഫുട്ബോൾ സീസണുകളും അവസാനത്തോട് അടുക്കുകയാണ്. ഫോർമുല വൺ പോരാട്ടങ്ങളുടെ പുതിയ സീസണും ഫെബ്രുവരിയിൽ തുടക്കമാകും. കായികപ്രേമികൾക്ക് ആഘോഷമാക്കാൻ വമ്പൻപോരാട്ടങ്ങൾക്കായി കാത്തിരിക്കുകയാണ് ലോകവേദികൾ.