ലാ ലിഗയിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ. വല്ലഡോയ്‌ഡയെ എതിരില്ലാത്ത ഏഴു ഗോളുകൾകൾക്ക് പരാജയപ്പെടുത്തിയാണ് ബാഴ്സ ആധികാരിക വിജയം സ്വന്തമാക്കിയത്. ഹാട്രിക് നേടിയ റഫീനയാണ് ബാഴ്സയുടെ വിജയശിൽപി. ജയത്തോടെ ബാഴ്സ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.
കാറ്റലോണിയൻ കടൽത്തിരമാലകൾ പോലെ വില്ലഡോയ്‌ഡിന്റെ ഗോൾ മുഖത്തേക്ക് ഇരച്ചുകയറിയ ബാഴ്‌സലോണ ലാ ലിഗയിൽ മറ്റൊരു ചരിത്ര വിജയം കൂടി കുറിച്ചു. പന്തടക്കത്തിലും ആക്രമണത്തിലും ആധിപത്യമുറപ്പിച്ച് ടീം വില്ലഡോയ്‌ഡിനെ വേട്ടയാടി. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ട റഫീന 24 ആം മിനിറ്റിൽ വല കുലുക്കി. തൊട്ടു പിന്നാലെ റോബേർട്ട് ലെവൻഡോസ്‌കി ബാഴ്സയുടെ നയം വ്യക്തമാക്കി.
ആദ്യപകുതിക്ക് അധികം നൽകിയ രണ്ടാം മിനിറ്റില്‍ വില്ലഡോയ്‌ഡിന്റെ ഗോൾ മുഖം വീണ്ടും വിറച്ചു. ഇക്കുറി ഷൂൾ കുന്ദേ സ്കോർ ചെയ്തു. രണ്ടാം പകുതിയിൽ ബാഴ്സ ആക്രമണം കടുപ്പിച്ചു. 64 മിനുട്ടിലും, 72 മിനിറ്റിലും റഫീന ലക്ഷ്യം കണ്ടു. കരിയറിലെ ആദ്യത്തെ ഹാട്രിക് നേട്ടവും റഫീന സ്വന്തമാക്കി. ഡാനി ഓൾമോ, ഫെറൻ ടോറസ് എന്നിവർ കൂടി ഗോൾ നേടിയതോടെ വില്ലഡോയ്‌ഡിന്റെ തകർച്ച സമ്പൂർണമായി. ഹാട്രിക് നേട്ടത്തോടെ റഫീന കളിയിലെ താരമായി മാറി. മറുപടി ഗോളിനായി വില്ലഡോയ്‌ഡ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജയത്തോടെ പന്ത്രണ്ട് പോയിന്റുകളുമായി ബാർസയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.