വിനേഷ് ഫോഗട്ട്, വിജേന്ദര്‍ സിങ് 
SPORTS

100 ഗ്രാം കൊണ്ട് എന്താണ് പ്രശ്നം? വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത ഇന്ത്യക്കെതിരായ ഗൂഢാലോചന: വിജേന്ദര്‍ സിങ്

അധികഭാരം കുറയ്ക്കാന്‍ വിനേഷിന് അവസരം ലഭിക്കേണ്ടതായിരുന്നുവെന്നും ബെയ്ജിങ് ഒളിംപിക്സ് മെഡല്‍ ജേതാവ് കൂടിയായ വിജേന്ദര്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

പാരിസ് ഒളിംപിക്സ് ഗുസ്തി ഫൈനലില്‍ നിന്ന് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടിയില്‍ രൂക്ഷവിമര്‍ശവുമായി ബോക്സിങ് താരം വിജേന്ദര്‍ സിങ്. ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്കെതിരായ ഗുഢാലോചനയുടെ ഇരയാണ് വിനേഷ്. അധികഭാരം കുറയ്ക്കാന്‍ വിനേഷിന് അവസരം ലഭിക്കേണ്ടതായിരുന്നുവെന്നും ബെയ്ജിങ് ഒളിംപിക്സ് മെഡല്‍ ജേതാവ് കൂടിയായ വിജേന്ദര്‍ പറഞ്ഞു.

വനിതകളുടെ 50 കിലോ വിഭാഗം ഗുസ്തി ഫൈനലില്‍ അമേരിക്കന്‍ താരം സാറാ ഹിൽഡെബ്രാൻഡിനെതിരെ മത്സരിക്കാന്‍ ഇറങ്ങും മുന്‍പാണ് അനുവദനീയമായതിലും 100 ഗ്രാം ഭാരം കണ്ടെത്തിയതിനെ തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കിയത്. ഇതോടെ ഫൈനലില്‍ എത്തിയിട്ടും വിനേഷിന് വെറും കൈയ്യോടെ മടങ്ങേണ്ട സ്ഥിതിയിലായി. 

"ഇന്ത്യയ്ക്കും ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്കുമെതിരായ വലിയ ഗൂഢാലോചനയാണിത്. വിനേഷിന്‍റെ പ്രകടനം അഭിനന്ദനാര്‍ഹമാണ്. അവളുടെ സന്തോഷം ചിലര്‍ക്ക് ദഹിച്ചിട്ടുണ്ടാവില്ല. ഒറ്റ രാത്രി കൊണ്ട് ഒരാള്‍ക്ക് അഞ്ച് മുതല്‍ ആറ് കിലോ വരെ കുറയ്ക്കാന്‍ സാധിക്കുമെന്നിരിക്കെ 100 ഗ്രാം ഒക്കെ ഇത്ര പ്രശ്നമാണോ?  ആർക്കോ എന്തോ പ്രശ്‌നങ്ങളുണ്ട്, അതിനാലാണ് അയോഗ്യയാക്കാനുള്ള നടപടി സ്വീകരിച്ചതെന്നും എനിക്ക് തോന്നുന്നു. 100 ഗ്രാം കുറയ്ക്കാൻ അവൾക്ക് അവസരം ലഭിക്കേണ്ടതായിരുന്നു,” വിജേന്ദർ ഇന്ത്യ ടുഡേയോട് പറഞ്ഞു. 

ലോക ഒന്നാം നമ്പര്‍ താരം യുയി സുസാകി, യുക്രെയ്ന്‍, ക്യൂബ എന്നിങ്ങനെ വലിയ താരങ്ങളെ പരാജയപ്പെടുത്തിയാണ് ഫോഗട്ട് ഫൈനല്‍ വരെ എത്തിയത്.

SCROLL FOR NEXT