രണ്ട് തവണ കപ്പിനും ചുണ്ടിനുമിടയിൽ വെച്ച് നഷ്ടമായ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം ഇക്കുറിയെങ്കിലും നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയും കൂട്ടരും. ആദ്യത്തെ തവണ കീവീസിനോടും രണ്ടാമത്തെ തവണ കംഗാരുപ്പടയോടും തോറ്റാണ് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ഏറ്റവുമൊടുവിൽ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഇത്തവണത്തെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ആരാകും ഇന്ത്യയുടെ എതിരാളികൾ എന്നറിയാനാണ്. നിലവിൽ 71.67 % ജയവുമായി ഇന്ത്യയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ ഒന്നാമത്. തുടർച്ചയായ മൂന്നാം തവണയും ഇന്ത്യ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കുവാൻ സാധ്യതയേറെയാണ്. ബംഗ്ലാദേശിനെതിരായ ഒരു ടെസ്റ്റും ഓസ്ട്രേലിയൻ പരമ്പരയുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള മത്സരങ്ങൾ.
നിലവിൽ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് 62.50 ശതമാനമാണ് വിജയമുണ്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ഓസ്ട്രേലിയക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. നിലവിൽ 12 മത്സരങ്ങൾ കളിച്ച ഓസ്ട്രേലിയക്ക് എട്ട് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമാണ് നേടാനായത്.
അതേസമയം, കംഗാരുപ്പടയ്ക്ക് കടുത്ത വെല്ലുവിളിയുയർത്തി അയൽരാജ്യക്കാരായ ശ്രീലങ്കയും മുന്നേറ്റം തുടരുന്നുണ്ട്. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളിൽ ലങ്ക നേട്ടമുണ്ടാക്കിയിട്ടുണ്ട്. എട്ട് മത്സരങ്ങളിൽ നിന്ന് നാല് ജയവും നാല് തോൽവിയുമുള്ള ശ്രീലങ്ക 50 ശതമാനം വിജയത്തോടെ പോയിൻ്റ് ടേബിളിൽ മൂന്നാമതാണ്.
ന്യൂസിലാൻഡിനെതിരെ ഇനി ഒരു ടെസ്റ്റും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയും ശ്രീലങ്കയ്ക്ക് വരാനുണ്ട്. ഈ മത്സരങ്ങൾ വിജയിച്ചാൽ 69 വരെ വിജയശതമാനം സ്വന്തമാക്കാൻ സിംഹള പടയ്ക്കാകും. അതോടെ കംഗാരുപ്പടയെ പിന്തള്ളി, സിംഹളപ്പടയും ഇന്ത്യൻ കടുവകളും കലാശപ്പോരിൽ നേർക്കുനേർ വരും.