SPORTS

യമാലും ഓല്‍മോയും വലകുലുക്കി; അഞ്ചാം തവണ യൂറോ ഫൈനലില്‍ കാലുകുത്താന്‍ സ്പെയിന്‍

ഇത്തവണത്തെ യൂറോയില്‍ സ്‌പെയിനിന്റെ തുടര്‍ച്ചയായ ആറാം ജയമായിരുന്നു ഇത്. യൂറോ കപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറു കളികള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡും ഇതോടെ സ്പെയിൻ സ്വന്തമാക്കി.

Author : ന്യൂസ് ഡെസ്ക്

ഫ്രാൻസിനെ തറപറ്റിച്ച് യൂറോ കപ്പ് സെമിയിൽ മിന്നും വിജയം കാഴ്ചവെച്ച് സ്പെയിൻ ഫൈനലിൽ. ഒമ്പതാം മിനിറ്റിൽ ലഭിച്ച തിരിച്ചടിക്ക് രണ്ടിരട്ടി പ്രഹരം തിരിച്ചുകൊടുത്താണ് സ്പാനിഷ് സംഘം ഫ്രാൻസിനെ തോൽപ്പിച്ചത്. ഇതോടെ യൂറോ കപ്പിൽ സ്പെയിൻ അഞ്ചാം തവണ ഫൈനലിൽ ബൂട്ടുകെട്ടും. ഇത്തവണത്തെ യൂറോയില്‍ സ്‌പെയിനിന്റെ തുടര്‍ച്ചയായ ആറാം ജയമായിരുന്നു ഇത്. യൂറോ കപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറു കളികള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡും ഇതോടെ സ്പെയിൻ സ്വന്തമാക്കി. ലമിന്‍ യമാലും ഡാനി ഓല്‍മോയുമാണ് സ്പെയിനെതിരെ ഫ്രാൻസിനായ ​ഗോൾവല കുലുക്കിയത്. കോലോ മുവാനിയാണ് ഫ്രാൻസിന്റെ ഏക ​ഗോൾ നേടിയത്.

തുടക്കം മുതൽ തന്നെ ആക്രമണാത്മക ഫുട്ബോളായിരുന്നു സ്പെയിൻ കാഴ്ചവെച്ചത്. മൂന്നാം മിനിറ്റില്‍ തന്നെ ഫ്രഞ്ച് ബോക്‌സ് വിറപ്പിച്ച് സ്പാനിഷ് മുന്നേറ്റമെത്തി. പിന്നാലെ അഞ്ചാം മിനിറ്റില്‍ ലമിന്‍ യമാലിന്റെ ക്രോസില്‍ നിന്ന് മുന്നിലെത്താനുള്ള അവസരം ഫാബിയാന്‍ റൂയിസ് പുറത്തേക്കടിച്ചുകളഞ്ഞു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് കളിയുടെ ഒമ്പതാം മിനിറ്റിൽ ഫ്രാൻസ് സ്പാനിഷ് ടീമിന്റെ ​ഗോൾവല കുലുക്കി. എംബാപ്പെ ഉയർത്തി നൽകിയ പന്ത് ഹെഡ് ചെയ്ത് കോലോ മുവാനി സ്പാനിഷ് നിരയെ വിറപ്പിച്ചു.

സ്കോർ ബോർഡിൽ പിന്നിലായതോടെ കൂടുതൽ അറ്റാക്ക് ചെയ്യാൻ സ്പെയിൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഇരുപത്തിയൊന്നാം മിനിറ്റിൽ ലമിൻ യമാലിന്റെ അതിസുന്ദരമായ ഒരു ​ഗോളിലൂടെ സ്പെയിൻ തിരിച്ചുവന്നു. ഇതോടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററെന്ന നേട്ടവും സ്‌പാനിഷ് യുവതാരം സ്വന്തമാക്കി.

​ഗോൾ വീണിട്ടും വീണ്ടും സ്പെയിൻ അറ്റാക്കിങ് തുടർന്നു. ഒട്ടും വൈകിയില്ല, ഇരുപത്തിയഞ്ചാം മിനിറ്റിൽ അവർ വീണ്ടും ലക്ഷ്യം കണ്ടു. വലതു ഭാഗത്തുനിന്ന് ജെസ്യുസ് നവാസ് നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഫ്രഞ്ച് താരം വില്യം സാലിബയില്‍ നിന്ന് പന്ത് ബോക്‌സില്‍ ഡാനി ഓല്‍മോ നേടിയെടുത്ത് നേരെ ​ഗോൾമുഖത്തേക്ക് നിറയൊഴിച്ചു. യൂള്‍സ് കുണ്‍ഡെ അത് തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആദ്യ പകുതിയിൽ തന്നെ ഫ്രാൻസിനെതിരെ സ്പെയിനിന്റെ സർവാധിപത്യം.

തുടർന്നുള്ള നിമിഷങ്ങളിലും രണ്ടാം പകുതിയിലും ഫ്രാൻസ് മറുപടി ​ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം തകർക്കാൻ അവർക്ക് സാധിച്ചില്ല. മത്സരത്തിന്റെ അമ്പത്തിയെട്ടാം മിനിറ്റിൽ എഡ്വാര്‍ഡോ കമവിംഗ, അൻ്റോയ്ന്‍ ഗ്രീസ്മാന്‍, ബ്രാഡ്‌ലി ബാര്‍ക്കോള എന്നിവരെ സ്പെയിൻ പരീക്ഷിച്ചെങ്കിലും അപ്പോഴേക്കും സ്പെയിൻ പൂർണമായും പ്രതിരോധത്തിലേക്ക് ഇറങ്ങി. അതോടെ ഫ്രഞ്ച് പടയ്ക്ക് ജർമനിയിൽ നിന്നും നിരാശയോടെ മടങ്ങാനായിരുന്നു വിധി. ഇന്ന് രാത്രി 12.30ന് രണ്ടാം സെമി ഫൈനലിൽ ഇം​ഗ്ലണ്ട് നെതർലൻഡ്സിനെ നേരിടും.

SCROLL FOR NEXT