സിംബാബ്‌വെ ടീം 
SPORTS

ലോകജേതാക്കളെ അട്ടിമറിച്ച് സിംബാബ്‌വെ;  ഇന്ത്യക്ക് 13 റണ്‍സ് തോല്‍വി

ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങള്‍ ആരുമില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയതെങ്കിലും വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മത്സരത്തിന്‍റെ ഫലമാണ് മാറി മറിഞ്ഞത്

Author : ന്യൂസ് ഡെസ്ക്

ട്വന്‍റി20 ലോകകപ്പ് നേട്ടത്തിനു ശേഷമുള്ള ആദ്യ രാജ്യാന്തര മത്സരത്തില്‍ തന്നെ ഇന്ത്യക്ക് തോല്‍വി. ഐസിസി ട്വന്‍റി20 ലോക റാങ്കിങ്ങില്‍ 12-ാം സ്ഥാനത്തുള്ള സിംബാബ്‌വെയോട് 13 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ട്വന്‍റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങള്‍ ആരുമില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയതെങ്കിലും വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മത്സരത്തിന്‍റെ ഫലമാണ് മാറി മറിഞ്ഞത്.

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. നാല് ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുകള്‍ വീഴ്ത്തിയ രവി ബിഷ്‌ണോയാണ് സിംബാബ്‌വെ സ്‌കോര്‍ ഉയരാതിരിക്കാന്‍ കാരണം. വിക്കറ്റ് കീപ്പര്‍ ക്ലൈവ് മദാന്‍ദെയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍ (29). ഇന്ത്യക്കു വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ കളി 19.2 ഓവറില്‍ 102 റണ്‍സില്‍ അവസാനിച്ചു. 29 പന്തില്‍ 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സിംബാബ്‌വെ ക്യാപ്റ്റന്‍ സ്‌ക്കന്ദര്‍ റാസ, ടെന്‍ഡായ് ചറ്റാര എന്നിവര്‍ മൂന്നു വിക്കറ്റു വീതം നേടി ഇന്ത്യയെ എറിഞ്ഞിടുകയായിരുന്നു. 34 പന്തില്‍ 27 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യയുടെ സ്‌കോര്‍ നൂറ് കടത്തിയത്.

ഇന്ത്യയ്ക്കായി അഭിഷേക് ശര്‍മ, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ് എന്നിവര്‍ അരങ്ങേറ്റം കുറിച്ച കളികൂടിയായിരുന്നു ഇത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0 ന് സിംബാബ്‌വെ മുന്നിലാണ്.

SCROLL FOR NEXT