ആഗോള തലത്തിൽ 1600 കോടി പാസ്‌വേഡുകൾ ചോർന്നതായി റിപ്പോർട്ട്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഡാറ്റാ ചോർച്ചയാണ് ഇപ്പോഴുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. സൈബർന്യൂസിൻ്റെയും ഫോർബ്‌സിൻ്റെയും റിപ്പോർട്ടുകൾ പ്രകാരം, ഇപ്പോഴുണ്ടായ ഡാറ്റാ ചോർച്ച കോടിക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോരുന്നതിനും അത് വഴി വലിയ അപകടത്തിലേക്കും വഴിവെക്കും. ഇത് ആഗോളതലത്തിൽ വ്യാപകമായ ഫിഷിങ് തട്ടിപ്പുകൾ, ഐഡൻ്റിറ്റി മോഷണം, അക്കൗണ്ട് ഹാക്കിംങ് എന്നിവയിലേക്ക് നയിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
വർഷങ്ങളായി ഉണ്ടാകുന്ന പഴയ ഡാറ്റയുടെ ഒരു ഡംപ് മാത്രമല്ല ഇതെന്ന് സുരക്ഷാ ഗവേഷകരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ചോർന്ന ക്രെഡൻഷ്യലുകളിൽ ഭൂരിഭാഗവും പുതിയതും, മികച്ച രീതിയിൽ ചിട്ടപ്പെടുത്തിയതും, ഇൻഫോസ്റ്റീലറുകൾ എന്നറിയപ്പെടുന്ന ഒരു തരം മാൽവെയർ വഴി ശേഖരിക്കുന്നതുമാണെന്ന് അവകാശപ്പെടുന്നു. ഈ മാൽവെയർ പ്രോഗ്രാമുകൾ ആളുകളുടെ ഉപകരണങ്ങളിൽ നിന്ന് ഉപയോക്തൃനാമങ്ങളും പാസ്‌വേഡുകളും നിശബ്ദമായി മോഷ്ടിക്കുകയും ഹാക്കർമാർക്ക് അയയ്ക്കുകയും ചെയ്യുന്നു,അവർ അവ നേരിട്ട് ഉപയോഗിക്കുകയോ ഡാർക്ക് വെബ് ഫോറങ്ങളിൽ വിൽപ്പനയ്ക്ക് വയ്ക്കുകയോ ചെയ്തേക്കാമെന്നും റിപ്പോർട്ടുണ്ട്.
ചോർന്ന ഡാറ്റയിൽ ഇമെയിൽ, ഗൂഗിൾ, ഫേസ്ബുക്ക്, ടെലിഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മുതൽ ഗിറ്റ്ഹബിലെ ഡെവലപ്പർ അക്കൗണ്ടുകൾ, ചില സർക്കാർ പോർട്ടലുകൾ വരെയുള്ള വിവിധ സേവനങ്ങളുടെ ലോഗിൻ വിവരങ്ങൾ ഉൾപ്പെടുന്നു. വെബ്‌സൈറ്റ് ലിങ്ക് കാണിക്കുന്ന ഒരു ഫോർമാറ്റിലാണ് മിക്ക വിവരങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഇത് ഹാക്കർമാർക്ക് ഉപയോഗിക്കാൻ എളുപ്പ വഴി തുറക്കുകയും ചെയ്യുന്നു. മോഷ്ടിച്ച ഡാറ്റകൾ എളുപ്പത്തിൽ വാങ്ങാൻ കഴിയുമെന്നതിനാൽ സ്ഥിതി കൂടുതൽ വഷളാവുകയാണ് ചെയ്യുന്നത്.
പരിമിതമായ സാങ്കേതിക പരിജ്ഞാനവും ചെറിയ അളവിലുള്ള പണവുമുള്ള ആളുകൾക്ക് പോലും ഡാർക്ക് വെബിൽ ഈ പാസ്‌വേഡുകൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് ദൈനംദിന ഉപയോക്താക്കൾ മുതൽ കമ്പനികളും സ്ഥാപനങ്ങളും വരെ മിക്കവാറും എല്ലാവരെയും ദോഷകരമായി ബാധിക്കും.
പരമ്പരാഗത പാസ്‌വേഡുകൾ ഉപേക്ഷിച്ച് പാസ്‌കീകൾ പോലുള്ള കൂടുതൽ സുരക്ഷിതമായ ഓപ്ഷനുകളിലേക്ക് മാറാൻ ഗൂഗിൾ ഇതിനകം തന്നെ ആളുകളെ ഉപദേശിച്ചിട്ടുണ്ട്. ലോഗിൻ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കൊണ്ടുള്ള എസ്എംഎസ് അല്ലെങ്കിൽ ഇമെയിലുകൾ വഴി അയയ്ക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും എഫ്ബിഐ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡാർക്ക് വെബ് മോണിറ്ററിംഗ് ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതും നല്ലതാണ്. എല്ലാ പ്രധാന അക്കൗണ്ടുകളിലുമുള്ള പാസ്‌വേഡുകൾ മാറ്റുക, ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, ടു-ഫാക്ടർ ഓതൻ്റിഫിക്കേഷൻ (2FA) ഓണാക്കുക, എല്ലാം സുരക്ഷിതമായി സൂക്ഷിക്കാൻ പാസ്‌വേഡ് മാനേജർ ആപ്പുകൾ ഉപയോഗിക്കുക എന്നിവ ക്രമീകരിക്കണമെന്നും സൈബർ സുരക്ഷാ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.