സാഹിത്യലോകത്ത് വലിയ ചർച്ചയ്ക്കിടയാക്കിയിരിക്കുകയാണ് 2026ലെ കോമൺവെൽത്ത് ഷോർട്ട് സ്റ്റോറി പ്രൈസ് ലഭിച്ചത് ഒരു എഐ നിര്‍മ്മിത കഥയ്ക്കാണെന്നതത്. പ്രൈസിന്‍റെ കരീബിയൻ മേഖലയിലെ വിജയിയായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ കഥാകാരന്‍ ജമീർ നസീറിന്‍റെ ദ സര്‍പ്പന്‍റ് ഇന്‍ ദ ഗ്രൂവ് എന്ന കഥയാണ് എഐ എഴുതിയതാണ് എന്ന ആരോപണം ഉയരുന്നത്. ഇത് ലോക സാഹിത്യലോകത്ത് തന്നെ ചര്‍ച്ചയാകുന്നുണ്ട്.
ആദ്യമായി ഈ ആരോപണം ഉയർത്തിയത് എഴുത്തുകാരനും ഗവേഷകനുമായ നബീൽ എസ്. ഖുറേഷിയാണ്. കഥയിലെ ചില ഭാഗങ്ങൾ “ചാറ്റ് ജിപിടി ശൈലിയിലുള്ള ഭാഷ” ആണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. തുടർന്ന് പാന്‍ഗ്രാം പോലുള്ള എഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ജമീർ നസീറി കഥയില്‍ എഐ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ട് വന്നതോടെ വിവാദം ശക്തമായി.
കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായ തുഹിൻ ചക്രബര്‍ത്തി ഇന്‍ഫിന്‍ഗ്രാം എന്ന ടൂള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വിവാദമായ കഥയിലെ ചില വാചകങ്ങളുടെ ഉറവിടം പരിശോധിച്ചു. പരിശോധനയിൽ ആ വാചകങ്ങളിൽ പലതും ഇന്‍റര്‍നെറ്റിലെ പല ഫാന്‍ഫിക്ഷന്‍ രചനകളുമായി സാമ്യമുള്ളതായി കണ്ടെത്തി.
അതേസമയം ദ അറ്റ്ലാന്‍റിക്കിലെ ലേഖനത്തിനായി എഴുത്തുകാരിയായ വൗഹിനി വര പാന്‍ഗ്രാം എന്ന എഐ ഡിറ്റക്ഷൻ കമ്പനിയിലെ ഗവേഷകയായ ജെന്ന റസ്സലിനോട് 2012 മുതൽ ഓരോ വർഷവും കോമൺവെൽത്ത് ഷോർട്ട് സ്റ്റോറി മത്സരത്തിൽ വിജയിച്ച 75 കഥകളില്‍ ഉപയോഗിച്ച് എഴുതിയതാണോയെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടു.
റസ്സലിന്റെ പരിശോധനാഫലങ്ങൾ പ്രകാരം 2025 ന് മുമ്പുള്ള കഥകളിൽ എഐ ഉപയോഗത്തിന്റെ സൂചനകളൊന്നും കണ്ടെത്താനായില്ല. എന്നാൽ ഈ വർഷത്തെ അഞ്ച് പ്രാദേശിക വിജയികളിൽ മൂന്ന് കഥകൾക്ക് എഐ സഹായത്തോടെ തയ്യാറാക്കിയതാണ് എന്നാണ് റിപ്പോര്‍ട്ട്. ജമീർ നസീറിന്റെ കഥയ്ക്ക് പുറമേ, മാൾട്ടയിലെ ജോൺ എഡ്വേർഡ് ഡെമിക്കോളിയുടെ ദ ബാസ്റ്റന്‍ ഷാഡോ (കാനഡ–യൂറോപ്പ് മേഖലാ ജേതാവ്) എന്ന കഥ നൂറുശതമാനം എഐ എന്നാണ് പരിശോധന സൂചിപ്പിച്ചത്. ഇന്ത്യ–ആസിയന്‍ മേഖലയിൽ വിജയിച്ച ഷാരോൺ അരുപറയിലിന്റെ മെഹന്ദി നൈറ്റ് എന്ന കഥയ്ക്ക് '88% എഐ നിര്‍മ്മിതം' എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
മത്സരം സംഘടിപ്പിക്കുന്ന കോമൺവെൽത്ത് ഫൗണ്ടേഷൻ ആരോപണങ്ങളെ ഗൗരവമായി കാണുന്നുവെന്ന് അറിയിച്ചു. എന്നാൽ വിജയികളിൽ നിന്ന് “കൃതി സ്വതന്ത്രവും യഥാർത്ഥവുമാണ്” എന്ന സത്യവാങ്മൂലം സ്വീകരിച്ചിരുന്നുവെന്നും. എ കണ്ടെത്താനുള്ള വിശ്വസനീയമായ സംവിധാനം നിലവിൽ ഇല്ലെന്നും. എഴുത്തുകാരിലുള്ള വിശ്വാസത്തിലാണ് കഥ പരിഗണിച്ചത് എന്നുമാണ് ഡയറക്ടർ ജനറൽ റസ്മി ഫറൂഖ് വ്യക്തമാക്കിയത്. കഥകൾ പ്രസിദ്ധീകരിച്ച സാഹിത്യ മാഗസിനും ഇതേ നിലപാടാണ് എടുത്തിരിക്കുന്നത്. അതേ സമയം ഇത്തരം എഐ തട്ടിപ്പുകള്‍ സ്ഥിരമായി നടക്കുന്നുണ്ടാകാം എന്നതാണ് സാഹിത്യലോകത്തെ ചര്‍ച്ച.