അൽബേനിയ: ലോകത്തിലെ ആദ്യത്തെ എഐ മന്ത്രിയെ നിയമിച്ച് അൽബേനിയ പ്രധാനമന്ത്രി എഡി രാമ. ഡിയെല്ല എന്ന് പേരിട്ട എഐ മന്ത്രിയെയാണ് അൽബേനിയ പ്രധാനമന്ത്രി മന്ത്രിസഭയിലെത്തിച്ചത്. അഴിമതിക്കെതിരായ പോരാട്ടവും രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്നതും ലക്ഷ്യമിട്ടാണ് എഐ മന്ത്രിയെ മന്ത്രിസഭയിൽ നിയമിച്ചത്.
അൽബേനിയൻ ഭാഷയിൽ 'ഡിയെല്ല' എന്ന പേരിനർഥം സൂര്യൻ എന്നാണ്. ഡിയെല്ലയ്ക്ക് ശാരീരിക സാന്നിധ്യം ഉണ്ടായിരിക്കില്ല, പക്ഷേ മന്ത്രിസഭയിൽ ഒരു മുഴുവൻ സമയ മന്ത്രിയായി പ്രവർത്തിക്കും. അവർ മാംസവും രക്തവുമുള്ള മന്ത്രിയല്ല മറിച്ച്, കോഡും കഴിവുമുള്ള മന്ത്രിയാണെന്ന് പ്രധാനമന്ത്രി എഡി രാമ ഫേസ്ബുക്കിൽ കുറിച്ചു. ഡിയെല്ല സർക്കാർ ഡാറ്റകൾ ചോർത്തില്ല. വലിയ വികസിത സമ്പദ്‌വ്യവസ്ഥകൾ ഇപ്പോഴും പഴയ രീതികളിൽ കുടുങ്ങിക്കിടക്കുകയാണെന്നും, ഈ സംരംഭത്തിലൂടെ അൽബേനിയയ്ക്ക് ഒരു കുതിച്ചുചാട്ടം നടത്താനാകുമെന്നും രാമ പറഞ്ഞു.
മൈക്രോസോഫ്റ്റുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ എഐ സംവിധാനം, അൽബേനിയയുടെ ഇ-ഗവർണൻസ് പ്ലാറ്റ്‌ഫോമിൽ വെർച്വൽ അസിസ്റ്റന്റായി ഇതിനകം സേവനമനുഷ്ഠിച്ച് വരികയാണ്. ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളെ ഈ സംവിധാനം സഹായിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ അവരുടെ സേവനങ്ങളുടെ പങ്ക് വികസിച്ചുകൊണ്ടിരിക്കുകയാണ്.