ആപ്പിള്‍ ഐഫോണ്‍ 16ന് പിന്നാലെ ഈ സീരീസിലെ പ്രോ, പ്രോ മാക്സ് മോഡലുകള്‍ക്കും പുതിയ ഡിസ്ക്കൗണ്ട് ഓഫറുകള്‍. ഉയർന്ന വിലയിലുള്ള ഈ ഫോണുകളും ഇനി കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. പരിമിതമായ സമയത്തേക്ക് ഫ്ലിപ്കാർട്ടാണ് ഈ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ബാങ്ക് ഓഫറുകൾ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ വഴി ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ 16ന്റെ പ്രോ, പ്രോ മാക്സ് മോഡലുകള്‍ക്ക് ലഭിച്ചിരുന്ന വിലക്കുറവിന് പുറമെയാണ് പുതിയ ഓഫർ. പഴയ ഹാർഡ്സെറ്റുകള്‍ കുറഞ്ഞ വിലയ്ക്ക് ട്രേഡ്-ഇൻ ചെയ്ത് ഐഫോൺ 16 പ്രോ അല്ലെങ്കിൽ ഐഫോൺ 16 പ്രോ മാക്സ് സ്വന്തമാക്കാനും ഫ്ലിപ്കാർട്ടിലൂടെ സാധിക്കും.
ഇന്ത്യയിൽ ഐഫോൺ 16 പ്രോയുടെ അടിസ്ഥാന വില ആരംഭിക്കുന്നത് 1,19,900 രൂപയിലാണ്. 128 ജിബി ബേസിക്ക് വേരിയന്റാണ് ഈ വിലയ്ക്ക് ലഭിക്കുന്നത്. എട്ട് ശതമാനം കിഴിവാണ് ഐഫോണ്‍ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് ഫോണുകള്‍ക്ക് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ബേസ് വേരിയന്റ് 1,09,900 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 1,29,900 രൂപയ്ക്ക് വിൽക്കുന്ന 256 ജിബി വേരിയന്റിന് 1,22,900 രൂപയ്ക്കും വാങ്ങാം. അതായത് അഞ്ച് ശതമാനം വിലക്കുറവ്. ഐഫോൺ 16 പ്രോയുടെ ബ്ലാക്ക് ടൈറ്റാനിയം, ഡെസേർട്ട് ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം കളർ ഓപ്ഷനുകളില്‍ ഈ ഓഫർ സാധുവാണ്.
അതേസമയം, ഐഫോൺ 16 പ്രോ മാക്സ് 256 ജിബി വേരിയന്റിന് നിലവിലെ ഫ്ലിപ്കാർട്ട് വില 1,32,900 രൂപയാണ്. റീട്ടെയിൽ വില 1,44,900 രൂപയിൽ നില്‍ക്കുമ്പോഴാണ് എട്ട് ശതമാനം കിഴിവോടെ ഫ്ലിപ്കാർട്ട് വില്‍പ്പന നടത്തുന്നത്. 1,64,900 രൂപയും 1,84,900 രൂപയും വിലയുള്ള 512 ജിബി, 1 ടിബി മോഡലുകൾ യഥാക്രമം 1,57,900 രൂപയും 1,77,900 രൂപയുമാണ്.
നേരിട്ടുള്ള കിഴിവുകൾക്ക് പുറമേ, എക്‌സ്‌ചേഞ്ചിൽ 48,150 രൂപ വരെ കിഴിവും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഈ ഓഫർ തുക നിങ്ങള്‍ എക്സ്ചേഞ്ച് ചെയ്യുന്ന പഴയ ഹാൻഡ്‌സെറ്റിന്റെ മോഡലിനെയും അവസ്ഥയെയും ആശ്രയിച്ചായിരിക്കും നിശ്ചയിക്കുക. അതുപോലെ തന്നെ നിങ്ങളുടെ സ്ഥലത്തെ ഓഫർ ലഭ്യതയെയും ആശ്രയിച്ചും വിലയില്‍ മാറ്റം വരാം.
ആ ഓഫറുകള്‍ക്ക് പുറമേ ബാങ്ക് ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 5 ശതമാനം കിഴിവ്, 4,000 രൂപ വരെ, ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ അല്ലാത്ത ഇടപാടുകൾക്ക് 2,000 രൂപ വരെയാണ് ഓഫർ ലഭിക്കുക. എല്ലാ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും 3,000 രൂപ കിഴിവും. ഫ്ലിപ്കാർട്ട് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.