ആദ്യം കമ്പ്യൂട്ടർ വന്ന കാലത്ത് ഉയർന്ന വലിയ ആശങ്ക നിരവധിപ്പേരുടെ ജോലി പോകും എന്നതായിരുന്നു. അതിൽ അൽപം സത്യമില്ലാതില്ല. പക്ഷെ കമ്പ്യൂട്ടർ സാക്ഷരതവഴി പിന്നീട് നിരവധി തൊഴിലവസരങ്ങൾ ലഭിക്കാനും അത് കാരണമായി. ഡിജിറ്റൽ ലോകത്തെ വളർച്ചകൾ എപ്പോഴും ഇത്തരം ആശങ്കകൾക്ക് വഴിയൊരുക്കുന്നത് സ്വാഭാവികമാണ്. പക്ഷെ അതിനെ ഫലപ്രദമായി മറികടക്കാനും കഴിയും. ഇപ്പോവിതാ എഐ ആണ് വില്ലൻ.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സമഗ്ര മേഖലകളിലും പിടിമുറുക്കിയതോടെ നിരവധിപ്പേരാണ് ആശങ്കയോടെ നോക്കുന്നത്. അതിനൂതന സംവിധാനങ്ങൾക്കിടെ എത്രപേരുടെ ജോലികളാണ് നഷ്ടമാകുക എന്ന് ഉറ്റുനോക്കുകയാണ് ലോകം. എഐ രംഗത്തെ അതികായരില്‍ ഒരാളായ ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്‌മാന്‍ ലോകത്തിന് ചില മുന്നറിയിപ്പുകള്‍ നല്‍കിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. എഐ ഏതൊക്കെ തൊഴിലുകളാവും അപഹരിക്കുക എന്നാണ് ആദ്യപ്രവചനം.
എഐ ആദ്യം കസ്റ്റമര്‍ സര്‍വീസ്/സപ്പോര്‍ട്ട് ജോലികളാവും കളയുക എന്നാണ് സാം ആള്‍ട്ട്‌മാന്‍റെ നിരീക്ഷണം. ഫോണിലൂടെയോ കമ്പ്യൂട്ടര്‍ വഴിയോ ഉള്ള നിലവിലെ കസ്റ്റമര്‍ സപ്പോര്‍ട്ട് ജോലികളെയാവും എഐ ആദ്യം കൈക്കലാക്കുക. പിന്നെ പ്രോഗ്രാമര്‍മാരായിരിക്കും തൊഴില്‍ നഷ്‌ടപ്പെടുന്ന മറ്റൊരു വിഭാഗം.എഐയോ റോബോട്ടോ നല്‍കുന്ന നിര്‍ദേശങ്ങള്‍ എത്ര നല്ലതായാലും അല്ലെങ്കിലും അതിനെ വരുംകാലത്ത് ആശ്രയിക്കേണ്ടിവരുമെന്നും ആള്‍ട്ട്‌മാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ നഴ്‌സിംഗ് പോലെ മനുഷ്യബന്ധം ആവശ്യമുള്ള റോളുകൾ എഐ കാലത്തും അപ്രത്യക്ഷമാകാൻ സാധ്യതയില്ലെന്നും ആള്‍ട്ട‌്‌മാന്‍ പറയുന്നുണ്ട്.
ഇതാദ്യമല്ല കസ്റ്റമർ സർവീസ് ജോലികൾക്ക് എഐ ഭീഷണിയെന്ന വാർത്ത വരുന്നത്. എല്ലാ കസ്റ്റമര്‍ സപ്പോര്‍ട്ട് സംവിധാനവും എഐയിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് ഒറാക്കിള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ സപ്പോര്‍ട്ട് ടീമില്‍ നിന്ന് 4000 ലൈവ് ഏജന്‍റുമാരെ ഒഴിവാക്കുന്ന കാര്യം സെയില്‍സ്‌ഫോഴ്‌സ് സിഇഒ അടുത്തിടെ സൂചിപ്പിച്ചിരുന്നു. കാര്യം പേടിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണെങ്കിലും പരിഹാരവും ഉണ്ടായിരിക്കുമല്ലോ?
എന്തായാലും എഐ തൊഴില്‍ മേഖലയിൽ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നതൊരു വസ്‌തുതയാണ്. അതിനെ നമുക്ക് നിഷേധിക്കാനാകില്ല. എന്നാൽ ചില ജോലികള്‍ പോകുമ്പോള്‍ മറ്റ് ചില വഴികള്‍ തുറക്കുമെന്നതും പരിഗണിക്കണം. പുത്തൻ സംവിധനങ്ങൾ വരുമ്പോൾ അതനുസരിച്ച് സ്വയം നവീകരിക്കുക എന്നതാണ് പ്രധാന പോംവഴി. അതുവഴി പുതിയ സാധ്യതകളിലേക്ക് എത്തിപ്പെട്ടും. അല്ലെങ്കിൽ മാറ്റങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകാൻ കഴിയും.