സോഷ്യൽ മീഡിയ Source: freepik
TECH

16 വയസിൽ താഴെയുള്ളവരെ സോഷ്യൽ മീഡിയയിൽ നിന്നൊഴിവാക്കാൻ ഓസ്ട്രേലിയ

ഡിസംബർ 4 നാണ് ഇവരെ ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്യുക

Author : ന്യൂസ് ഡെസ്ക്

16 വയസിന് താഴെയുള്ള ഓസ്ട്രേലിയക്കാരായ കൗമാരക്കാരെ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യുമെന്ന് മെറ്റ. ഡിസംബർ 4 നാണ് ഇവരെ ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്യുക. കൗമാരക്കാരെ സോഷ്യൽ മീഡിയയിൽ നിന്ന് വിലക്കുന്നതിൻ്റെ ഭാഗമായുള്ള നിയമങ്ങൾ നടപ്പിലാക്കാൻ ഓസ്ട്രേലിയൻ ഗവൺമെൻ്റ് ഒരുങ്ങുന്നതിൻ്റെ ഭാഗമായാണിത്.

ഡിസംബർ 10 മുതൽ ഓസ്‌ട്രേലിയയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ 16 വയസിന് താഴെയുള്ള ഉപയോക്താക്കളെ നീക്കം ചെയ്യേണ്ടതായി വരും. അല്ലാത്ത പക്ഷം, ഇവരിൽ നിന്നും കനത്ത പിഴ ഈടാക്കുവാനാണ് തീരുമാനം.

എന്നാൽ നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ കൗമാരക്കാരെ അവരുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ തുടങ്ങുമെന്ന് മെറ്റ അറിയിച്ചു. ഇന്ന് മുതൽ, 13-15 വയസ് പ്രായമുള്ള ഓസ്‌ട്രേലിയൻ ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാം, ത്രെഡ്, ഫേസ്ബുക്ക് എന്നിവയിലേക്കുള്ള ആക്‌സസ് നഷ്ടപ്പെടുമെന്ന് വിവരം അറിയിക്കുമെന്നും മെറ്റ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഡിസംബർ 4 മുതൽ മെറ്റാ പുതിയ അണ്ടർ-16 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും നിലവിലുള്ള ആക്‌സസ് റദ്ദാക്കാനും തുടങ്ങും. ഡിസംബർ 10ഓടെ അറിയപ്പെടുന്ന എല്ലാ അണ്ടർ-16 അക്കൗണ്ടുകളും നീക്കം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

16 വയസ് തികയുമ്പോൾ കൗമാരക്കാർക്ക് അവരുടെ അക്കൗണ്ടുകൾ അവർ ഉപേക്ഷിച്ച നിലയിൽ തന്നെ ആക്‌സസ് ചെയ്യാൻ കഴിയുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്.

എന്നാൽ ഓസ്ട്രേലിയൻ ഗവൺമെൻ്റിൻ്റെ ഈ തീരുമാനം തിടുക്കത്തിലുള്ളതാണെന്നുള്ള ആശങ്കയും സോഷ്യൽ മീഡിയ കമ്പനികൾ പങ്കുവെച്ചിരുന്നു. സുരക്ഷിതവും പ്രായത്തിനനുസരിച്ചുള്ളതുമായ ഓൺലൈൻ അനുഭവങ്ങൾ സൃഷ്ടിക്കുക എന്ന ഓസ്‌ട്രേലിയൻ ഗവൺമെൻ്റിൻ്റെ തീരുമാനത്തിൽ പങ്കുചേരുന്നുണ്ടെങ്കിലും പക്ഷേ കൗമാരക്കാരെ അവരുടെ സുഹൃത്തുക്കളിൽ നിന്നും കമ്മ്യൂണിറ്റികളിൽ നിന്നും അകറ്റി നിർത്തുന്നത് പരിഹാരമല്ലെന്നും മെറ്റ അഭിപ്രായപ്പെട്ടിരുന്നു.

SCROLL FOR NEXT