TECH

ഓസ്ട്രേലിയയുടെ വഴിയെ ബ്രിട്ടനും! 16 വയസിൽ താഴെയുള്ള കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്ക്

കുട്ടികളുടെ ക്ഷേമം കണക്കിലെടുത്താണ് നടപടിയെന്ന് കെയർ സ്റ്റാർമർ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ഓസ്ട്രേലിയക്ക് പിന്നാലെ 16 വയസ്സിൽ താഴെയുള്ള കൗമാരക്കാരുടെ സമൂഹ മാധ്യമ ഉപയോഗത്തിന് തടയിടാൻ ബ്രിട്ടൻ. കൗമാരക്കാരുടെ സമൂഹ മാധ്യമ ഉപയോഗത്തിന് കർശനമായ നിരോധനമേർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉടൻ നടത്തുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അറിയിച്ചു.

ഇൻസ്റ്റഗ്രാം, ടിക്ടോക്, ഫേസ്ബുക്ക്, എക്സ് , യൂട്യൂബ്, സ്നാപ്ചാറ്റ്, ത്രെഡ്സ്, ട്വിച്ച്, കിക്ക്, റെഡ്ഡിറ്റ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ബാധകമായിരിക്കും. വിഷയത്തിൽ രക്ഷിതാക്കൾ, സാങ്കേതിക മേഖലയിലെ വിദഗ്ധർ, കുട്ടികൾ എന്നിവരിൽ നിന്ന് സർക്കാർ സ്വീകരിച്ച പൊതുജനാഭിപ്രായ സർവേയിൽ ലഭിച്ച 1,16,000 പ്രതികരണങ്ങൾ വിലയിരുത്തിയാണ് തീരുമാനം.

കുട്ടികളുടെ ക്ഷേമം കണക്കിലെടുത്താണ് നടപടിയെന്ന് കെയർ സ്റ്റാർമർ വ്യക്തമാക്കി. പ്രായപരിശോധന, അൽഗോരിതം, മൊബൈൽ ഫോണുകളിൽ എടുത്ത നഗ്നചിത്രങ്ങൾ കുട്ടികൾ പ്രചരിപ്പിക്കുന്നത് തടയുക എന്നീ കാര്യങ്ങൾ സംബന്ധിച്ച് ടെക് കമ്പനികൾക്ക് മേലുള്ള സമ്മർദം ബ്രിട്ടൻ നേരത്തെ തന്നെ കൂടുതൽ കർശനമാക്കിയിരുന്നു.

കുട്ടികൾ ഓൺലൈനിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് മൂലമുണ്ടാകുന്ന മാനസികാരോഗ്യ അപകടങ്ങളെക്കുറിച്ചുള്ള അവബോധം വർധിച്ചുവരുന്ന സാഹചര്യത്തിൽ മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്ക് പുറമേ കഴിഞ്ഞ വർഷം 16 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് കൊണ്ടുവന്ന ഓസ്‌ട്രേലിയയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ കൂടി ശേഖരിച്ചതിന് ശേഷമാണ് ബ്രിട്ടൻ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

SCROLL FOR NEXT