TECH

പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ 'സഞ്ചാര്‍ സാഥി' ആപ്പ് ഉള്‍പ്പെടുത്തണം; കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

സര്‍ക്കാരിന്റെ നിര്‍ദേശം ആപ്പിളുമായി പുതിയ തര്‍ക്കത്തിന് കാരണമാകുമെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി ഉപയോഗിച്ച് എല്ലാ പുതിയ ഉപകരണങ്ങളും പ്രീലോഡ് ചെയ്യാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി ടെലികോം മന്ത്രാലയം. സര്‍ക്കാരിന്റെ നിര്‍ദേശം ആപ്പിളുമായി പുതിയ തര്‍ക്കത്തിന് കാരണമാകുമെന്നാണ് സൂചന. സ്വകാര്യമായാണ് നിര്‍ദേശം നല്‍കിയത്.

ലോകത്തിലെ ഏറ്റവും വലിയ ടെലിഫോണ്‍ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ത്യ. 90 ദിവസത്തിനുള്ളില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് നവംബര്‍ 28-ന് പുറത്തിറക്കിയ ഉത്തരവരവില്‍ വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ആന്റി-സ്പാം മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററുമായി മുമ്പ് കൊമ്പുകോര്‍ത്തിരുന്ന ആപ്പിളും സാംസങ്, വിവോ, ഓപ്പോ, ഷവോമി തുടങ്ങിയ കമ്പനികളില്‍ പുതിയ ഉത്തരവ് പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയാത്ത രീതിയിലാകണം ആപ്പ് ഇന്‍സ്റ്റാര്‍ ചെയ്യേണ്ടത്.

സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ആപ്പ് ഫോണുകളിലേക്ക് എത്തിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കാരിന്റെ നിര്‍ദേശത്തോട് ആപ്പിള്‍, സാംസങ്, ഷവോമി കമ്പനികള്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, തങ്ങളോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ നിര്‍ദേശമെന്ന് കമ്പനികള്‍ക്ക് അഭിപ്രായമുണ്ടെന്നും സൂചനയുണ്ട്.

ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കില്‍ സ്പൂഫ് ചെയ്ത IMEI (International Mobile Equipment Identtiy) നമ്പറുകളില്‍ നിന്നുള്ള ടെലികോം സൈബര്‍ സുരക്ഷയുടെ അപകടം ചെറുക്കുന്നതിന് ആപ്പ് അത്യാവശ്യമാണെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഓരോ ഹാന്‍ഡ്‌സെറ്റിലും 14 മുതല്‍ 17 അക്കങ്ങള്‍ വരെയുള്ള നമ്പരാണ് ഐഎംഇഐ. നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളുടെ നെറ്റ്വര്‍ക്ക് ആക്സസ് വിച്ഛേദിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നത് ഈ നമ്പരാണ്.

സംശയാസ്പദമായ കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും, IMEI പരിശോധിക്കാനും, സെന്‍ട്രല്‍ രജിസ്ട്രി വഴി മോഷ്ടിക്കപ്പെട്ട ഉപകരണങ്ങള്‍ ബ്ലോക്ക് ചെയ്യാനും ഈ സര്‍ക്കാര്‍ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. ജനുവരിയില്‍ ആപ്പ് ലോഞ്ച് ചെയതതിനു ശേഷം അഞ്ച് മില്യണിലധികം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്ത 3.7 മില്യണ്‍ ഫോണുകള്‍ ഈ ആപ്പ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്.

SCROLL FOR NEXT