ബെയ്ജിങ് : സാങ്കേതികവിദ്യയിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചൈന എന്നും മുന്നിലാണ്.റോഡ് സുരക്ഷയിലും ഹൈടെക് രീതിയാണ് ചൈന കൊണ്ടുവന്നിരിക്കുന്നത്. തോക്കില്ല, അറസ്റ്റ് ചെയ്യാനുള്ള അധികാരവുമില്ല പക്ഷെ ചൈനയുടെ നഗരങ്ങൾ കൈയ്യടക്കി വെച്ചിരിക്കുകയാണ് ടി2 റോബർട്ടുകൾ. ഹെൽമെറ്റ് ധരിക്കാത്ത യാത്രക്കാരെയും,യാത്രക്കാരെ കയറ്റി സഞ്ചരിക്കുന്ന ഇ-ബൈക്കുകളെയും, റോഡിൽ അടയാളപ്പെടുത്തിയ വരയ്ക്ക് മുകളിൽ നിർത്തുന്ന വാഹനങ്ങളെയും,ട്രാഫിക് സിഗ്നൽ അവഗണിച്ച് റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരെയും തിരിച്ചറിയാൻ ഈ ട്രാഫിക്ക് റോബോ പൊലീസിന് സാധിക്കും.
ചൈനയിലെ ഹാങ്‌ഷൗ നഗരത്തിലെ തിരക്കേറിയ ജംഗ്ഷനിൽ,1.88 മീറ്റർ (6 അടി 2 ഇഞ്ച്) ഉയരമുള്ള റോബോട്ടിന് മാന്യമായി മുന്നറിയിപ്പ് നൽകാനും ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്കനുസരിച്ച് യാന്ത്രിക കൈകൾ ചലിപ്പിക്കാനും കഴിയും. പ്രാദേശിക സാങ്കേതിക സ്ഥാപനമായ SUPCON ഇൻഫോർമേഷൻ വികസിപ്പിച്ച 98 കിലോഗ്രാം ഭാരമുള്ള ടി2 റോബോട്ട്, പൊലീസ് ഉദ്യോഗസ്ഥർ പതിവായി നിർവഹിക്കുന്ന ട്രാഫിക്ക് നിയന്ത്രണത്തിലെ ചില ജോലികൾ യന്ത്രങ്ങളെ ഏൽപ്പിക്കുന്നതിനുള്ള പരീക്ഷണ പദ്ധതിയുടെ ഭാഗമാണ്.
2026 മേയ് മുതൽ ടി2 റോബോട്ടുകൾ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ പ്രവർത്തിക്കുന്നു. ക്യാമറ, റഡാർ, ഓൺബോർഡ് സംവിധാനം എന്നിവ ഉപയോഗിച്ച് നിയമലംഘനങ്ങൾ കണ്ടെത്തുകയും ശബ്ദത്തിലൂടെയും കൈകളുടെ ചലനത്തിലൂടെയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ട്രാഫിക് ലൈറ്റുമായി ഏകോപിപ്പിച്ച് മനുഷ്യ ട്രാഫിക് പൊലീസിൻ്റെ കൈസിഗ്നലുകളും അനുകരികുന്നു.
ദിശ,പാർക്കിങ്,ട്രാഫിക് നിയമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാനും അടിയന്തര സാഹചര്യങ്ങളിൽ പൊലീസുമായി ബന്ധിപ്പിക്കാനും ഇതിന് കഴിയും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെ റോബോട്ടുകൾ സ്വയം പ്രവർത്തിക്കുകയും വിവിധ ട്രാഫിക് പോയിൻ്റുകൾക്കിടയിൽ സഞ്ചരിക്കുകയും ചെയ്യുന്നു.