കാറുകൾ റോഡിലൂടെ ഓടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ചിറകുകളില്ലാതെ ഒരു കാർ പറന്നുയരുന്നത് കണ്ടാലോ? ഹാരി പോട്ടറിന്റെ മാന്ത്രിക കാറിനെയും ഡോറമോണിന്റെ ഗാഡ്ജറ്റുകളെയുമൊക്കെ ഓർമിപ്പിക്കുന്ന ചൈനയുടെ പുതിയ ഫ്ലയിങ് കാറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനീസ് കമ്പനിയായ ഷോങ്ഫെയ് ചുവാങ്ഷി കമ്പനി വികസിപ്പിച്ചെടുത്ത ഫ്ലയിങ് കാർ പ്രോട്ടോടൈപ്പാണ് കഴിഞ്ഞ ദിവസം ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയത്. നവംബർ 21-ന് ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള ചാങ്ഷയിലാണ് പരീക്ഷണ പറക്കൽ നടന്നത്.
ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നല്ലേ? സാധാരണ വിമാനങ്ങളിലേതുപോലെ ചിറകുകളില്ല. പുറത്തേക്ക് കാണുന്ന പ്രൊപ്പല്ലറുകളും ഘടിപ്പിച്ചിട്ടില്ല. പകരം, മൾട്ടി-സ്റ്റേജ് വെക്ടർ ഡക്ടഡ്-ഫാൻ പ്രൊപ്പൽഷൻ സിസ്റ്റം എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരമൊരു സംവിധാനം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ പൈലറ്റുള്ള വിമാനമാണിതെന്നാണ് കമ്പനി പറയുന്നത്.
വേഗതയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ല. മണിക്കൂറിൽ 150 കിലോമീറ്റർ വരെ പറക്കാൻ കഴിയുമെന്നും ഒറ്റത്തവണ ചാർജിലോ ഇന്ധന സംവിധാനത്തിലോ 300 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. പറന്നിറങ്ങിയാൽ സാധാരണ കാറിനെപ്പോലെ റോഡിലൂടെ ഓടിക്കാനും ഈ വാഹനത്തിന് കഴിയും.
എന്നാൽ പറക്കും കാറുകളുടെ ലോകത്ത് ചൈന മാത്രമല്ല പരീക്ഷണം നടത്തുന്നത്. ഇന്ത്യയിലും ഇത്തരമൊരു ആശയവുമായി ഒരാൾ രംഗത്തെത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയായ രവി തംത എന്ന ബിരുദധാരി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് ഫ്ലയിങ് വാഹനമാണ് ഹാപ്പിട സ്കൈന്സ് . 2026 ഓഗസ്റ്റിൽ ഇതിന്റെ പരീക്ഷണ പറക്കലും പൂർത്തിയാക്കിയിരുന്നു. ഇതിനിടെ, ഒക്ടോബർ 15-ന് ടെക്സസിലെ സ്പേസ്എക്സ് കേന്ദ്രത്തിൽ ടെസ്ല റോഡ്സ്റ്റർ പ്രോട്ടോടൈപ്പും അവതരിപ്പിക്കപ്പെട്ടിരുന്നു. 2028-ഓടെ ഉൽപ്പാദനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
ചൈനയുടെ പുതിയ ഫ്ലയിങ് കാർ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും രസകരമായ പ്രതികരണങ്ങളാണ് നിറയുന്നത്. 'ഇലോൺ മസ്ക് ചൈനയോട് ഒരു മാസം സമയം ചോദിച്ചു; ചൈനയുടെ മറുപടി ഇതാ!' എന്നാണ് ഒരാളുടെ കമന്റ്. 'ഇത് ഹാരി പോട്ടറിന്റെ പറക്കും കാറിനെപ്പോലെയുണ്ട്' എന്നാണ് മറ്റൊരാളുടെ പ്രതികരണം.
എന്നാൽ ഏറ്റവും വൈറലായ കമന്റ് ഇതാണ്: 'GTA 7 വരുന്നതിന് മുമ്പേ ചിറകുകളില്ലാത്ത പറക്കും കാറുകൾ എത്തി!'. എന്തായാലും സിനിമകളിലും വീഡിയോ ഗെയിമുകളിലും മാത്രം കണ്ടിരുന്ന പറക്കും കാറുകൾ യാഥാർഥ്യത്തിലേക്ക് എത്തുന്ന കാലമാണോ ഇതെന്ന ചർച്ചയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. പക്ഷേ ഈ സാങ്കേതികവിദ്യ സാധാരണക്കാർക്ക് എപ്പോൾ ലഭ്യമാകും, സുരക്ഷയും ചെലവും എങ്ങനെയായിരിക്കും എന്നൊക്കെയാണ് ഇനി അറിയേണ്ടത്.