പ്രതീകാത്മക ചിത്രം Source: Screengrab
TECH

ജീവനോടെയുണ്ടെന്ന് ഉറപ്പിക്കാൻ 'ആർ യു ഡെഡ്?'; ചൈനീസ് യുവാക്കൾക്കിടയിൽ തരംഗമായി ആപ്പ്

ചൈനയിൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത പെയ്ഡ് ആപ്പാണ് 'ആർ യു ഡെഡ്?'

Author : അഹല്യ മണി

ബീജിങ്: ചൈനയിൽ വലിയ പ്രചാരം നേടി 'ആർ യു ഡെഡ്' ആപ്പ്. ഉപഭോക്താവ് ജീവനോടെയുണ്ടെന്ന് ഉറപ്പിക്കുന്നതിനായാണ് ഇത്തരത്തിലൊരു ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന ആളുകളെ കുറിച്ച് അറിയുന്നതിനായി പുറത്തിറക്കിയ ഈ ആപ്പ് ഇന്ന് ചൈനയിൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത പെയ്ഡ് ആപ്പാണ്.

ഈ ആപ്പിൻ്റെ ആശയം വളരെ ലളിതമാണ്. നിങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കാൻ ഓരോ രണ്ട് ദിവസം കൂടുമ്പോഴും ആപ്പിൽ കയറി ഒരു ബട്ടൺ അമർത്തി അതിൽ ചെക്ക് ഇൻ ചെയ്യേണ്ടതുണ്ട്. ചെക്ക് ഇൻ ചെയ്തില്ലെങ്കിൽ, അത് നിങ്ങളുടെ എമർജൻസി കോൺടാക്റ്റുമായി ബന്ധപ്പെടുകയും, നിങ്ങൾ പ്രശ്നത്തിലാണെന്ന് അവരെ അറിയിക്കുകയും ചെയ്യും.

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് 'ആർ യു ഡെഡ്' ആപ്പ് ആരംഭിച്ചത്. എന്നാൽ ഇക്കഴിഞ്ഞ ആഴ്ചകളിലാണ് ചൈനീസ് നഗരങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്ന നിരവധി യുവാക്കൾ ഇത് ഡൗൺലോഡ് ചെയ്യുകയും ജനപ്രീതി നേടുകയും ചെയ്തത്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന പെയ്ഡ് ആപ്പായി ഇത് മാറി. ഗവേഷണ സ്ഥാപനങ്ങളുടെ കണക്കനുസരിച്ച്, 2030 ആകുമ്പോഴേക്കും ചൈനയിൽ 200 ദശലക്ഷം വരെ വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവർ ഉണ്ടാകുമെന്ന് ചൈനീസ് സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ആപ്പ് ഒരു സുരക്ഷിതമായ കംപാനിയൻ ആണെന്നാണ് ഉപഭോക്താക്കളായ യുവാക്കൾ ഇതേക്കുറിച്ച് പറയുന്നത്. ഒറ്റയ്ക്ക് ഓഫീസിൽ ജോലി ചെയ്യുന്നവർ, വീട്ടിൽ നിന്ന് മാറി താമസിക്കുന്ന വിദ്യാർഥികൾ, ഏകാന്ത ജീവിതം തെരഞ്ഞെടുക്കുന്നവർ, ഇൻട്രോവേർട്ടുകൾ, വിഷാദരോഗികൾ, തൊഴിൽരഹിതർ തുടങ്ങിയവർക്കൊക്കെ ഉപയോഗപ്രദമാകുമെന്നും ആളുകൾ ആപ്പിനെ വിലയിരുത്തുന്നുണ്ട്.

SCROLL FOR NEXT