നെറ്റിയുടെ വശത്ത് ഒട്ടിച്ചുവെക്കാവുന്ന ഒരു കുഞ്ഞൻ ഉപകരണം. കുഞ്ഞനെന്ന് പറഞ്ഞ് നിസാരക്കാരനെന്ന് കരുതേണ്ട. നമ്മുടെ തലച്ചോറിലെ രക്തയോട്ടം എങ്ങനെയാണ്? ശരീരം എത്രത്തോളം സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നത്? പ്രായമാകുന്നതിന്റെ ഭാഗമായി തലച്ചോറിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോ? ഇതിനെല്ലാം ഉത്തരം നൽകാൻ കഴിയുന്ന ഈ ഉപകരണം അവതരിപ്പിച്ചിരിക്കുന്നത് Zomato സ്ഥാപകൻ ദീപീന്ദർ ഗോയലാണ്. പേര് Temple. ഈ ചെറിയ ഉപകരണത്തിന്റെ വില കേട്ടാൽ നിങ്ങൾ കൂടുതൽ അത്ഭുതപ്പെട്ടേക്കാം. 85,000 രൂപ!
എന്നാൽ ഈ ഉപകരണം ശരിക്കും എന്താണ് ചെയ്യുന്നത്? ഇത്രയും വില കൊടുത്ത് വാങ്ങാൻ മാത്രം പ്രയോജനമുള്ളതാണോ temple? ഇതിനെക്കുറിച്ച് ഇപ്പോൾ വലിയ ചർച്ചയാണ് നടക്കുന്നത്. ഡോക്ടർമാർ പോലും ഇതിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്രയധികം വിവാദങ്ങൾ? നമുക്ക് നോക്കാം...
എന്താണ് TEMPLE?
നെറ്റിയുടെ ഇരുവശത്തായി ഒട്ടിച്ചുവെക്കുന്ന ചെറിയൊരു ഉപകരണമാണ് Temple. നെറ്റിയിൽ ഘടിപ്പിക്കുന്ന templeിൽ നമ്മുടെ ശരീരത്തിൽ നടക്കുന്ന ചില മാറ്റങ്ങൾ തിരിച്ചറിയാനായി ചെറിയ സെൻസറുകളുണ്ട്. ഇതിലൂടെ പ്രധാനമായും രണ്ട് കാര്യങ്ങളാണ് അറിയാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നത്. ഒന്ന് BrainFlow, മറ്റൊന്ന് Entropy.
BrainFlow എന്ന് പറയുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഒരു സൂചനയാണ്. ഉദാഹരണത്തിന്, നമ്മൾ വ്യായാമം ചെയ്യുമ്പോഴോ ഉറങ്ങുമ്പോഴോ ശരീരത്തിന്റെ അവസ്ഥ മാറും. അപ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിലും മാറ്റങ്ങൾ സംഭവിക്കാം. ഇത്തരം മാറ്റങ്ങൾ തിരിച്ചറിയുകയാണ് BrainFlowന്റെ ലക്ഷ്യം.
രണ്ടാമത്തേത് Entropy. ലളിതമായി പറഞ്ഞാൽ, നമ്മുടെ ശരീരം ഇപ്പോൾ എത്രത്തോളം അധ്വാനിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള ഒരു സ്കോർ. നമ്മൾ വ്യായാമം ചെയ്യുമ്പോഴും മാനസിക സമ്മർദത്തിലാകുമ്പോഴും ഉറങ്ങുമ്പോഴും ശരീരത്തിന്റെ പ്രവർത്തനത്തിൽ മാറ്റങ്ങളുണ്ടാകും. ഇതൊക്കെ മനസ്സിലാക്കി ശരീരത്തിന്റെ അവസ്ഥയെക്കുറിച്ച് ഒരു സൂചന നൽകുകയാണ് Entropy ചെയ്യുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. അതായത്, നമ്മുടെ ശരീരം ഇപ്പോൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിരീക്ഷിക്കാൻ കഴിയുന്ന ഒരു ഉപകരണമായാണ് Temple അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
എന്താണ് templeമായി ബന്ധപ്പെട്ട വിവാദം?
Temple തലച്ചോറിലെ രക്തയോട്ടം അളക്കുമെന്ന് പറയുന്നുണ്ടല്ലോ. എന്നാൽ ഈ ഉപകരണം യഥാർത്ഥത്തിൽ അളക്കുന്നത് തലച്ചോറിനുള്ളിലെ രക്തയോട്ടമാണോ എന്നതാണ് ഡോക്ടർമാരുടെ ചോദ്യം. Temple-ൽ ഉപയോഗിച്ചിരിക്കുന്നത് വെളിച്ചം ഉപയോഗിച്ച് ചർമത്തിനടിയിലെ രക്തത്തിന്റെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയുന്ന സാങ്കേതികവിദ്യയാണ്. നമ്മുടെ സ്മാർട്ട് വാച്ചുകളിലും ഹൃദയമിടിപ്പ് കണ്ടെത്താൻ സമാനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.
പക്ഷേ ഒരു വ്യത്യാസമുണ്ട്. കൈത്തണ്ടയിലെ രക്തയോട്ടം അളക്കുന്നതും തലച്ചോറിനുള്ളിലെ രക്തയോട്ടം അളക്കുന്നതും ഒരുപോലെയല്ല. Temple നെറ്റിയുടെ വശത്താണ് ഘടിപ്പിക്കുന്നത്. ആ ഭാഗത്ത് തലയോട്ടിക്കും മുഖത്തിനും രക്തമെത്തിക്കുന്ന ഒരു രക്തക്കുഴലുണ്ട്. എന്നാൽ തലച്ചോറിലേക്ക് രക്തമെത്തിക്കുന്നത് പ്രധാനമായും മറ്റ് രക്തക്കുഴലുകളിലൂടെയാണ്. അപ്പോൾ നെറ്റിയുടെ വശത്തുള്ള രക്തയോട്ടത്തിലെ മാറ്റം നോക്കി തലച്ചോറിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി പറയാൻ കഴിയുമോ? ഇതാണ് ഡോക്ടർമാർ ഉന്നയിക്കുന്ന പ്രധാന സംശയം.
ഒരു ഉപകരണത്തിൽ ചില മാറ്റങ്ങൾ കാണുന്നു എന്നതുകൊണ്ട് മാത്രം അത് തലച്ചോറിലെ രക്തയോട്ടത്തിലെ മാറ്റമാണെന്ന് ഉറപ്പിക്കാൻ കഴിയില്ല. അത് ശരിക്കും എന്താണ് അളക്കുന്നത്? നിലവിലുള്ള പരിശോധനകളിൽ നിന്ന് വ്യത്യസ്തമായി എന്ത് പുതിയ വിവരമാണ് നൽകുന്നത്? ഈ വിവരങ്ങൾ ഉപയോഗിച്ച് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയുമോ? ഇതിനൊക്കെ വ്യക്തമായ ഉത്തരം ലഭിക്കണമെന്നാണ് ഡോക്ടർമാരുടെ നിലപാട്.
ഗോയൽ പറയുന്നത്...
Temple വികസിപ്പിക്കാൻ 30 മില്യൺ ഡോളർ ചെലവായെന്നും ഇതിൽ 20 മില്യൺ ഡോളറും സ്വന്തം പണമാണെന്നും ഗോയൽ പറയുന്നു. ഉപകരണം വാങ്ങുന്നവർക്ക് 14 ദിവസത്തിനുള്ളിൽ അത് return ചെയ്യാനുള്ള സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം, Temple ഒരു മെഡിക്കൽ പരിശോധനാ ഉപകരണമല്ലെന്നും Fitness, Wellness തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ഉപകരണമാണെന്നും ഗോയൽ വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യവുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ അംഗീകരിക്കപ്പെടണമെങ്കിൽ കൃത്യമായ പഠനങ്ങളും സ്വതന്ത്ര പരിശോധനകളും വിദഗ്ധരുടെ വിലയിരുത്തലും ആവശ്യമാണ്. Temple-ന്റെ കാര്യത്തിലും അതാണ് ഇനി നിർണായകമാകാൻ പോകുന്നത്. 85,000 രൂപയുടെ ഈ ഉപകരണം തലച്ചോറിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള പഠനങ്ങളിൽ പുതിയൊരു വഴിതുറക്കുമോ, അതോ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ ആവശ്യമായ ഒരു പരീക്ഷണമായി തുടരുമോ എന്നതാണ് ഇനി അറിയേണ്ടത്. അതിനുള്ള ഉത്തരം ലഭിക്കാൻ ഇനി വരാനിരിക്കുന്ന ഗവേഷണങ്ങൾക്കായി കാത്തിരിക്കാം.