പിന്‍കോഡിനു പകരം ഡിജി പിന്‍ അവതരിപ്പിച്ച് തപാല്‍ വകുപ്പ്. വലിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരമ്പരാഗത പിന്‍ കോഡുകളില്‍ നിന്ന് വ്യത്യസ്തമായി, വസ്തുവിന്റെ കൃത്യമായ സ്ഥാനം കാണിക്കുന്ന സവിശേഷ 10 അക്ക കോഡ് ആണ് ഡിജി പിന്നിലൂടെ അവതരിപ്പിക്കുന്നത്.
ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ കയറി വ്യക്തികള്‍ക്ക് അവരുടെ ഭവനങ്ങളുടേയും വസ്തുവിന്റേയും കൃത്യമായ ലൊക്കേഷന്‍ എടുത്ത് ഡിജിപിന്‍ കോഡ് ജനറേറ്റ് ചെയ്യാം. വിദൂര പ്രദേശങ്ങളില്‍ ഡെലിവറികള്‍ കാര്യക്ഷമമാക്കുന്നതിനും ആംബുലന്‍സ്, അഗ്‌നിശമന സേന തുടങ്ങിയ അടിയന്തര സേവനങ്ങള്‍ മെച്ചപ്പെടുത്തുകയുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഡിജി പിന്‍ അവതരിപ്പിക്കുന്നതിലൂടെ ഓണ്‍ലൈന്‍ ഷോപ്പിങ്, ലോജിസ്റ്റിക്, അടിയന്തര സേവനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഡിജിപിന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലും ഉപയോഗിക്കാം.
https://dac.indiapost.gov.in/mydigipin/home എന്ന വെബ്‌സൈറ്റില്‍ കയറി ഡിജിപിന്‍ ജനറേറ്റ് ചെയ്യാം. 4 മീറ്റര്‍ പരിധിയില്‍ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയും എന്നതാണ് സവിശേഷത. ഡിജി പിന്നിലൂടെ തപാല്‍ സേവനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഡിജിപിന്നിനായി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കില്ലെന്നാണ് വിശദീകരണം.
എന്താണ് ഡിജി പിന്‍?
എഐടി ഹൈദരാബാദ്, എന്‍ആര്‍എസ്സി, ഐഎസ്ആര്‍ഒ എന്നിവയുമായി സഹകരിച്ചാണ് തപാല്‍ വകുപ്പ് ഡിജി പിന്‍ വികസിപ്പിച്ചത്. രാജ്യവ്യാപക ജിയോകോഡഡ് അഡ്രസിംഗ് സിസ്റ്റമാണ് ഇത്. രാജ്യത്തെ ഏകദേശം 4m x 4m ഗ്രിഡുകളായി (വീടുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍ മുതലായവ) വിഭജിച്ച് അക്ഷാംശ, രേഖാംശ കോര്‍ഡിനേറ്റുകളെ അടിസ്ഥാനമാക്കി ഓരോ ഗ്രിഡിനും 10 പ്രതീകങ്ങളുള്ള ഒരു സവിശേഷ ആല്‍ഫാന്യൂമെറിക് കോഡ് നല്‍കുകയും ചെയ്യുന്നു.
സാധാരണ പോസ്റ്റല്‍ അഡ്രസില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നു?
സാധാരണ പോസ്റ്റല്‍ അഡ്രസ് പ്രദേശം, വീട്ടു നമ്പര്‍, സ്ട്രീറ്റ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ ഡിജി പിന്‍ ഒരു സ്ഥലത്തിന്റെ കൃത്യമായ കോര്‍ഡിനേറ്റുകളെ അടിസ്ഥാനമാക്കി 10 പ്രതീകങ്ങളുള്ള ആല്‍ഫാന്യൂമെറിക് കോഡ് ഉപയോഗിച്ചുള്ള ജിയോസ്‌പേഷ്യല്‍ റഫറന്‍സാണ്.