TECH

വെരിഫിക്കേഷന് മാത്രമല്ല... തുടർന്നും വേണം സിം!!! വാട്ട്‌സ്ആപ്പ് പോലുള്ള ഒടിടി മെസേജിങ് ആപ്പുകൾ സിം ബൈൻഡിങ് നടപ്പാക്കണമെന്ന് ഡിഒടി

2026 ഫെബ്രുവരി മുതൽ പുതിയ പരിഷ്കാരം നടപ്പിലാക്കണമെന്നാണ് കമ്പനികൾക്ക് ടെലികോം വകുപ്പ് നൽകിയ നിർദേശം

Author : ന്യൂസ് ഡെസ്ക്

വാട്സ് ആപ്പും ടെലിഗ്രാമും അടക്കമുളള ഓവർ-ദി-ടോപ്പ് മെസേജിങ് ആപ്പുകൾ പ്രവർത്തിക്കണമെങ്കിൽ ഇനിമുതൽ ഫോണിൽ സിം കാർഡ് നിർബന്ധമാണെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. ഓൺലൈൻ തട്ടിപ്പുകളും ഡിജിറ്റൽ കുറ്റകൃത്യങ്ങളും തടയാൻ സിം ബൈൻഡിങ് വേണമെന്നാണ് പുതിയ തീരുമാനം. 2026 ഫെബ്രുവരി മുതൽ പുതിയ പരിഷ്കാരം നടപ്പിലാക്കണമെന്നാണ് കമ്പനികൾക്ക് ടെലികോം വകുപ്പ് നൽകിയ നിർദേശം. സിം കാർഡ് ഇല്ലെങ്കിൽ ആപ്പ് ഉപയോഗിക്കാൻ കഴിയാത്ത തരത്തിലേക്ക് സാങ്കേതിക സംവിധാനം മാറ്റണമെന്നാണ് നിർദേശം. നിലവിൽ വാട്സ് ആപ്പ് പോലെയുള്ള ആപ്പുകളിൽ രജിസ്റ്റർ ചെയ്യുമ്പോൾ സിം വെരിഫിക്കേഷൻ ആവശ്യമാണെങ്കിലും തുടർന്ന് ഉപയോഗിക്കാൻ അതേ സിം ആവശ്യമില്ല.

വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്‌നാപ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, ജോഷ് തുടങ്ങിയ പ്ലാറ്റ് ഫോമുകൾക്കാണ് നിയമം ബാധകമാവുക. 2025ലെ പുതിയ ടെലികമ്മ്യൂണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി നിയമങ്ങളുടെ ഭാ​ഗമായാണ് ഉത്തരവ്. പുതിയ നിയമം അനുസരിച്ച് ടെലികമ്മ്യൂണിക്കേഷൻ ഐഡന്റിഫയർ യൂസർ എന്റിറ്റികൾ എന്ന് തരംതിരിച്ചിരിക്കുന്ന ആപ്പുകൾ 90 ദിവസത്തിനുള്ളിൽ പുതിയ നിർദേശം നടപ്പാക്കണം. കൂടാതെ വെബ് ബ്രൗസർ വഴി ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾ ഓരോ ആറ് മണിക്കൂറിലും വെബ് ബ്രൗസർ ലോഗ് ഔട്ട് ചെയ്ത് വീണ്ടും ലോ​ഗിൻ ചെയ്യണമെന്നും നിർദേശമുണ്ട്.

ഇപ്പോൾ ഇത്തരം ആപ്പുകളിൽ രജിസ്റ്റർ ചെയ്യുമ്പോൾ മാത്രമാണ് സിം വെരിഫിക്കേഷൻ ആവശ്യമായിട്ടുള്ളത്. അതിനുശേഷം സിം നീക്കം ചെയ്യുകയോ നിർജീവമാക്കുകയോ ചെയ്താലും ആപ്പ് പ്രവർത്തിക്കുന്നത് തുടരും. സിം കാർഡ് ഇല്ലാതെയുള്ള സേവനങ്ങൾ തട്ടിപ്പിനും കുറ്റകൃത്യങ്ങൾക്കും സഹായകമാകുന്നുവെന്ന് വിലയിരുത്തിയാണ് പുതിയ തീരുമാനം. സിം ഉപേക്ഷിച്ച് വൈ ഫൈ ഉപയോഗിച്ച് നടത്തുന്ന ക്രിമിനൽ കുറ്റങ്ങൾ കണ്ടുപിടിക്കാനും എളുപ്പമല്ല. വാട്ട്‌സ്ആപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്ന സൈബർ തട്ടിപ്പുകാരെ ട്രാക്ക് ചെയ്യാൻ കഴിയാത്തത് വെല്ലുവിളി ആണെന്നുമാണ് കണ്ടെത്തൽ. "സിം ബൈൻഡിങ്" വരുന്നതോടെ ഇത്തരം പ്ലാറ്റ് ഫോമുകൾ വഴിയുള്ള സൈബർ തട്ടിപ്പുകൾ കണ്ടെത്തുന്നതിന് സഹായകമാകുമെന്നാണ് വിലയിരുത്തൽ.

SCROLL FOR NEXT