AI Generated Image  
TECH

മസ്‌കിന്റെ ശമ്പള പാക്കേജ് 88 ലക്ഷം കോടി രൂപ! ടെസ്‌ലയില്‍ ഇനി നടക്കാന്‍ പോകുന്നത് എന്ത്?

തുക പൂര്‍ണമായും ലഭിക്കണമെങ്കില്‍ മസ്‌കിന് മുന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്

Author : ന്യൂസ് ഡെസ്ക്

ചരിത്രത്തിലെ ഏറ്റവും വലിയ തുക ഇലോണ്‍ മസ്‌കിന് പ്രതിഫല പാക്കേജായി അംഗീകരിച്ച് ടെസ്‌ല. ടെസ്‌ലയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം. മസ്‌കിന് ഒരു ട്രില്യണ്‍ ഡോളര്‍ (ഏകദേശം എണ്‍പത്തിയെട്ട് ലക്ഷത്തി എഴുപതിനായിരം കോടി രൂപ) പ്രതിഫല പാക്കേജ് നല്‍കണം എന്ന തീരുമാനമാണ് ഓഹരി ഉടമകള്‍ അംഗീകരിച്ചത്.

വാര്‍ഷിക യോഗത്തില്‍ എഴുപത്തിയഞ്ച് ശതമാനത്തിലധികം ഓഹരി ഉടമകള്‍ പാക്കേജിന് അനുകൂലമായി വോട്ട് ചെയ്തു. അടുത്ത പത്ത് വര്‍ഷത്തേക്ക് മസ്‌കിനെ കമ്പനിയില്‍ നിലനിര്‍ത്തുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, സെല്‍ഫ്-ഡ്രൈവിംഗ് സാങ്കേതികവിദ്യ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടെക് ഭീമനായി ടെസ്‌ലയെ മാറ്റിയെടുക്കുന്നതിനും വേണ്ടിയാണ് പാക്കേജ്.

2018 ല്‍ അംഗീകരിച്ച പാക്കേജ് ഡെലവെയര്‍ കോടതി അസാധുവാക്കിയതിനെ തുടര്‍ന്നാണ് പുതിയ പാക്കേജിന് അംഗീകാരം നല്‍കിയത്.

അതേസമയം, തുക പൂര്‍ണമായും ലഭിക്കണമെങ്കില്‍ മസ്‌കിന് മുന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്. ടെസ്‌ലയുടെ വിപണി മൂല്യം 8.5 ട്രില്യണ്‍ ഡോളര്‍ വരെ വര്‍ധിപ്പിക്കുക എന്നതാണ് ഇതില്‍ പ്രധാനം. നിലവില്‍ 1.5 ട്രില്യണ്‍ ഡോളറാണ് ടെസ്‌ലയുടെ മൂല്യം.

പത്ത് വര്‍ഷത്തിനുള്ളില്‍ ടെസ്‌ലയുടെ 2 കോടി വാഹനങ്ങള്‍ ഡെലിവര്‍ ചെയ്യുക എന്നതാണ് മറ്റൊരു കടമ്പ. ഒപ്ടിമസ് ഹ്യുമനോയിഡ് റോബോര്‍ട്ടുകളുടെ വില്‍പ്പന പത്ത് ലക്ഷം വരെ എത്തിക്കു, പത്ത് ലക്ഷം റോബോ ടാക്‌സികള്‍ വിതരണം ചെയ്യുക, ടെസ്‌ലയുടെ വാര്‍ഷിക ലാഭം 400 ബില്യണ്‍ ഡോളറില്‍ എത്തിക്കുക എന്നിവയാണ് മസ്‌കിന്റെ മസ്‌കിന്റെ ലക്ഷ്യങ്ങള്‍. ഓരോ ലക്ഷ്യങ്ങളും നേടുന്നതിനനുസരിച്ച് 12 തവണകളായാണ് ഓഹരികള്‍ ലഭിക്കുക.

പ്രഖ്യാപനത്തിനു പിന്നാലെ ഹ്യൂമനോയിഡ് റോബോട്ടായ ഓപ്റ്റിമസിനൊപ്പമുള്ള മസ്‌കിന്റെ നൃത്തവും വൈറലാണ്. ടെസ്ലയുടെ പുതിയ അധ്യായത്തിനൊപ്പം പുതിയൊരു ഏട് കൂടിയാണ് പ്രഖ്യാപനമെന്നാണ് മസ്‌കിന്റെ പ്രതികരണം.

പുതിയ പാക്കേജ് പ്രഖ്യാപനത്തോടെ ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍ ആയി ഇലോണ്‍ മസ്‌ക് മാറുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

SCROLL FOR NEXT