ഡിജിറ്റൽ പേയ്മെന്റുകൾ ഇന്ന് ഒഴിവാക്കാൻ കഴിയാത്ത തരത്തിൽ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, യുപിഐ സംവിധാനങ്ങൾ എന്നിവയെല്ലാം ഉപയോഗിക്കാത്ത ആളുകൾ വിരളമാണ്. ഇനി കാർഡ് കൊണ്ടു നടക്കാൻ മടിയുള്ളവർക്ക് വെർച്വർ ക്രെഡിറ്റ് കാർഡ് ഉൾപ്പെടെ സൗകര്യങ്ങൾ ലഭ്യമാണ്. ഫോണും, കാർഡും ഒന്നും വേണ്ട പേയമെന്റുകൾ നടത്താൻ ഇനി വെറും കണ്ണടകൾ മതിയാകും എന്നതാണ് ഇപ്പോൾ വിപണിയിലെ പുതിയ വാർത്ത.
പ്രമുഖ ഐവെയർ കമ്പനിയായ ലെൻസ്കാർട്ട്, വരാനിരിക്കുന്ന ബി ക്യാമറ സ്മാർട്ട്ഗ്ലാസുകളിൽ യുപിഐ പേയ്‌മെന്റ് സൗകര്യം ഒരുക്കുമെന്ന് അറിയിച്ചു. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവൽ (ജിഎഫ്എഫ്) 2025 ലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് ഒരു ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയും. ഫോണോ പിൻ നമ്പറോ ആവശ്യമില്ല.
ഗ്ലാസുകളിലൊരുക്കുന്ന സാങ്കേതിക സംവിധാനം വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളെ സുരക്ഷിതമായി ബന്ധിപ്പിക്കാമെന്നാണ് വാഗ്ദാനം. പേയമെന്റ് നടപടിക്രമങ്ങളെല്ലാം വോയ്സ് കമാൻഡുകൾ വഴി സാധ്യമാക്കാൻ കഴിയുമെന്നാണ് കമ്പനി അറിയിക്കുന്നത്. വിപുലമായ ഓൺ-ദി-ഗോ പിഒവി ക്യാമറയും ബിൽറ്റ്-ഇൻ എഐ സവിശേഷതകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ബി ക്യാമറ സ്മാർട്ട്ഗ്ലാസുകളിലാണ് ഈ സംവിധാനം ഒരുക്കുക.
ഇനി പേയ്മെന്റുകൾ നടത്താനായി ഫോൺ പുറത്തെടുക്കുകയോ, പിൻ നമ്പർ നൽകുകയോ ചെയ്യേണ്ട ആവശ്യം വരില്ലെന്നും, ഈ ഗ്ലാസുകൾ മതിയാകുമെന്നും കമ്പനി ഉറപ്പു നൽകുന്നു. നമ്മുടെ ജീവിതത്തിൽ സ്മാർട്ട് ഗ്ലാസുകളുടെ പങ്കും ഉപയോഗവും വർധിച്ചു വരികയാണ്. സ്മാർട്ട് ഗ്ലാസുകളുടെ ക്യാമറയിൽ പേയ്‌മെന്റുകൾ സംയോജിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് സുഗമമായ പേയ്മെന്റ് രീതി ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ലെൻസ്‌കാർട്ടിന്റെ ചെയർമാനും സിഇഒയും സഹസ്ഥാപകനുമായ പെയൂഷ് ബൻസാൽ പറഞ്ഞു.