TECH

'പാചകം മുതൽ തുണി അലക്കൽ വരെ'; വീട്ടുജോലിക്കും ഇനി റോബോട്ട്

അങ്ങനെ ഒരു റോബോട്ടിനെ നിർമിച്ചിരിക്കുകയാണ് ചൈന

Author : ന്യൂസ് ഡെസ്ക്

വീട്ടുജോലികൾ ചെയ്ത് മടുത്തവർ ഒരിക്കലെങ്കിലും , ഗാർഹിക ജോലികൾ ചെയ്യുന്ന ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടാകും. അങ്ങനെ ഒരു റോബോട്ടിനെ നിർമിച്ചിരിക്കുകയാണ് ചൈന. പ്രമുഖ എഐ കമ്പനിയായ 'ഗീഗാ എഐ' പുറത്തിറക്കിയ ചൈനയിലെ ആദ്യത്തെ ജനറൽ പർപ്പസ് ഹൗസ്ഹോൾഡ് ഹ്യൂമനോയിഡ് റോബോട്ടാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്.

എഐ - റോബോട്ടിക്സ് സാങ്കേതിക വിദ്യയിൽ ചൈനയുടെ മികവ് ചില്ലറയല്ല. ഗാർഹിക ജോലികൾ കൃത്യതയോടെ ചെയ്യുന്ന ഹ്യൂമനോയിഡ് റോബോട്ടുകളാണ് ചൈനയുടെ നൂതന നിർമിതി.ഹുബെയ് ഹ്യൂമനോയിഡ് റോബോട്ട് ഇന്നൊവേഷൻ സെന്ററുമായി സഹകരിച്ച് ഗീഗാ എഐ വികസിപ്പിച്ചെടുത്ത 'സീലൈറ്റ് എസ് 1 റോബോട്ടുകൾ' ഇതിനോടകം ലോകമെമ്പാടും തരംഗമായിക്കഴിഞ്ഞു. പാചകം ചെയ്യുക, തുണി അലക്കുക, വീട് വൃത്തിയാക്കുക തുടങ്ങിയ ജോലികൾ ഈ റോബോട്ട് ചെയ്യും.

ഫാക്ടറികളിൽ ഉപയോഗിക്കുന്ന സാധാരണ റോബോട്ടുകളെപ്പോലെ മുൻകൂട്ടി സെറ്റ് ചെയ്ത കോഡിംഗുകൾക്ക് പകരം, സ്വന്തമായി ചിന്തിച്ച് ജോലികൾ ചെയ്യാൻ സഹായിക്കുന്ന 'എംബോഡീഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' സാങ്കേതികവിദ്യയാണ് സീലൈറ്റ് എസ് 1 ൽ ഉപയോഗിച്ചിരിക്കുന്നത്. കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും ഒപ്പമുള്ളപ്പോൾ സുരക്ഷ ഉറപ്പാക്കാനായി 'കംപ്ലയന്റ് കൺട്രോൾ മെക്കാനിസവും' റോബോട്ടിൽ ക്രമീകരിച്ചിട്ടുണ്ട്.

2027 ൻ്റെ ആദ്യ പകുതിയോടെ വൂഹാനിലെ ഒപ്റ്റിക്സ് വാലി ടെക് അപ്പാർട്ട്മെന്റുകളിൽ നൂറോളം റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിന്യസിക്കും. പിന്നീടാകും ഹ്യൂമനോയിഡ് റോബോട്ടുകൾ വിപണിയിൽ എത്തുക. സാങ്കേതികവിദ്യ മനുഷ്യന്റെ ദൈനംദിന ജീവിതത്തെ എത്രത്തോളം ലളിതമാക്കുന്നു എന്നതിൻ്റെ മികച്ച ഉദാഹരണം കൂടിയാണ് സീലൈറ്റ് എസ് 1 റോബോട്ടുകൾ.

SCROLL FOR NEXT