Google, Microsoft Allegedly Freezing 2027 India Campus Hiring Amid Fresh Layoff Chatter on Blind News Malayalam 24x7
TECH

ഇന്ത്യയിൽ നിയമനങ്ങൾ മരവിപ്പിക്കാൻ ഗൂഗിളും മൈക്രോസോഫ്റ്റും? ഗൂഗിളിൽ വീണ്ടും പിരിച്ചുവിടൽ ആശങ്കയെന്ന് പ്രചാരണം

ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഡാറ്റാബ്രിക്സ് എന്നീ കമ്പനികൾ അടുത്ത വർഷം പുതിയ നിയമനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ടെക് മേഖലയിൽ വലിയൊരു പിരിച്ചുവിടൽ തരംഗം വന്നേക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഡാറ്റാബ്രിക്സ് എന്നിവ 2027-ൽ ഇന്ത്യയിലെ ക്യാമ്പസ് റിക്രൂട്ട്മെന്‍റ് നടത്തില്ലെന്ന് ടെക് ലോകത്ത് അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഇതിനുപുറമെ ഗൂഗിൾ ഇന്ത്യയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് തയ്യാറെടുക്കുകയാണെന്ന തരത്തിലുള്ള ചർച്ചകളും പ്രൊഫഷണൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാൽ ഈ പ്രചാരണങ്ങളോടും ആരോപണങ്ങളോടും ഗൂഗിളോ മൈക്രോസോഫ്റ്റോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നവംബർ 22-ന് റായ് എന്ന ടെക് പ്രൊഫഷണൽ എക്സിൽ പങ്കുവെച്ച പോസ്റ്റോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഡാറ്റാബ്രിക്സ് എന്നീ കമ്പനികൾ അടുത്ത വർഷം പുതിയ നിയമനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ടെക് മേഖലയിൽ വലിയൊരു പിരിച്ചുവിടൽ തരംഗം വന്നേക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ആഗോളതലത്തിലുള്ള നിയമന മരവിപ്പിക്കലല്ലെന്നും, ഇന്ത്യൻ സർവ്വകലാശാലകളിൽ നിന്നും പ്രത്യേകിച്ച് ഐ.ഐ.ടികളിൽനിന്നുമുള്ള ക്യാമ്പസ് റിക്രൂട്ട്മെന്റിനെക്കുറിച്ചാണ് തനിക്ക് വിവരം ലഭിച്ചതെന്നും അദ്ദേഹം പിന്നീട് വിശദീകരിക്കുകയുണ്ടായി.

ഇതിനിടെ തൊഴിലിടങ്ങളിലെ വിവരങ്ങൾ പങ്കുവെക്കുന്ന 'ബ്ലൈൻഡ്' എന്ന ഫോറത്തിൽ ഗൂഗിളിലെ ജീവനക്കാരാണെന്ന് അവകാശപ്പെടുന്ന ചിലർ നടത്തിയ വെളിപ്പെടുത്തലുകളും ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഗൂഗിൾ ക്ലൗഡ് വിഭാഗത്തിലെ വിവിധ ടീമുകളിൽ ഇതിനോടകം പെട്ടെന്നുള്ള പിരിച്ചുവിടലുകൾ നടന്നതായി എല്‍4 ജീവനക്കാരനെന്ന് അവകാശപ്പെടുന്ന ഒരാൾ ആരോപിച്ചു. പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല ഈ നടപടിയെന്നും, അമേരിക്കയിലെ ടീമുകളെ ഇത് ബാധിച്ചിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു.

ചില ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകി 24 മണിക്കൂറിനകം രാജിവെക്കാൻ ആവശ്യപ്പെട്ടതായും, മറ്റു ചിലരെ മറ്റ് ടീമുകളിലേക്ക് മാറുന്നത് തടയാൻ 'പ്രീ-പി.ഐ.പി' ലിസ്റ്റിൽ ഉൾപ്പെടുത്തിയതായും കുറിപ്പിൽ ആരോപിക്കുന്നു. 2027 ജനുവരിയിൽ ഗൂഗിളിന്റെ പ്ലാറ്റ്ഫോംസ് ആൻഡ് ഡിവൈസസ് വിഭാഗത്തിൽ സ്വയം വിരമിക്കൽ പദ്ധതിയോ കൂടുതൽ പിരിച്ചുവിടലുകളോ ഉണ്ടായേക്കാമെന്നും ബ്ലൈൻഡ് പോസ്റ്റിൽ അഭ്യൂഹങ്ങളുണ്ട്. ഇന്ത്യയിലെ നിയമന ആവശ്യകതകൾ തങ്ങളുടെ ഡയറക്ടർ ഏതാനും ആഴ്ചകൾക്ക് മുമ്പ് മരവിപ്പിച്ചതായി മറ്റൊരു കമന്റിലും അവകാശപ്പെടുന്നുണ്ട്.

എന്നാൽ ഇവയെല്ലാം സോഷ്യൽ മീഡിയയിലെ സ്ഥിരീകരിക്കാത്ത ചർച്ചകളും ജീവനക്കാരുടെ അവകാശവാദങ്ങളും മാത്രമാണെന്നും സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇത് റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യാ ടുഡേ പ്രത്യേകം വ്യക്തമാക്കുന്നു. കമ്പനികൾ എ.ഐ മേഖലയിലേക്ക് വൻതോതിൽ നിക്ഷേപം മാറ്റുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച് എൻട്രി ലെവൽ ഐ.ടി ജോലികളുടെ ഭാവിയെക്കുറിച്ച് ടെക് ഉദ്യോഗാർത്ഥികൾക്കിടയിൽ വളരുന്ന ആശങ്കയാണ് ഇത്തരം ചർച്ചകളിൽ പ്രതിഫലിക്കുന്നത്.

SCROLL FOR NEXT