മൊബൈല്‍ സ്‌ക്രീനില്‍ കോള്‍ വരുമ്പോള്‍ ഇനി വിളിക്കുന്ന ആളുടെ പേരും തെളിയും. പരീക്ഷണാടിസ്ഥാനത്തില്‍ ഹരിയാനയിലെയും ഹിമാചല്‍ പ്രദേശിലെയും ടെലികോം ഓപ്പറേറ്റര്‍മാരാണ് നടപടികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. കോളിംഗ് നെയിം പ്രസന്റേഷന്‍ (സിഎന്‍എപി) സംവിധാത്തിന് നേരത്തെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അംഗീകാരം നല്‍കി.
സിം എടുക്കുമ്പോള്‍ നല്‍കുന്ന ഐഡി കാര്‍ഡിലെ പേരായിരിക്കും മൊബൈല്‍ സ്‌ക്രീനില്‍ തെളിയുക. ഹരിയാനയില്‍ റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ കമ്പനികളാണ് തുടക്കത്തില്‍ ഇത് ആരംഭിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ ഭാരതി എയര്‍ട്ടെല്‍ ആണ് ട്രയല്‍ ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെവിടെയുള്ള ഫോണിലേക്കും ഹരിയാനയില്‍ നിന്നോ ഹിമാചലില്‍ നിന്നോ ട്രയല്‍ ആരംഭിച്ച കമ്പനികളുടെ സിം കാര്‍ഡില്‍ നിന്ന് കോളുകള്‍ വന്നാല്‍ സ്‌ക്രീനില്‍ പേരുകള്‍ തെളിയും. എന്നാല്‍ നിലവില്‍ ലാന്‍ഡ് ഫോണുകളും 2 ജി നെറ്റ് വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ ഫോണുകളും ഉപയോഗിക്കുന്നവര്‍ക്കും ഈ സൗകര്യം ലഭിക്കില്ല.
എന്നാല്‍ പേര് പ്രദര്‍ശിപ്പിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് അവരുടെ ടെലികോം ഓപ്പറേറ്ററെ ബന്ധപ്പെടുന്നതിലൂടെ ഇതില്‍ നിന്നും ഒഴിവാകാന്‍ സാധിക്കും. കോളിന് മറുപടി നല്‍കുന്നതിന് മുമ്പ് തന്നെ വിളിക്കുന്നയാളുടെ പേര് വെളിപ്പെടുത്തുന്നതിലൂടെ സ്പാം, സ്‌കാം കോളുകളുടെ വര്‍ധിച്ചുവരുന്ന ഭീഷണി തടയാന്‍ ഫീച്ചര്‍ സഹായിക്കുമെന്ന് ട്രായ് അറിയിച്ചു.
ഇന്ത്യയില്‍ മൊബൈല്‍ ഉപയോഗത്തിലും, അനാവശ്യ കോളുകളുടെ കാര്യത്തിലും വര്‍ധന തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ തീരുമാനം നടപ്പിലാക്കുന്നതിലൂടെ രാജ്യത്തുടനീളമുള്ള മൊബൈല്‍ ആശയവിനിമയങ്ങള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ട്രായ് പങ്കുവയ്ക്കുന്നുണ്ട്.