Image: Social media  
TECH

അത്ര സിംപിളല്ല ഫഹദിന്റെ കീപാഡ് ഫോണ്‍; വില പത്ത് ലക്ഷം, ഇനി ആഗ്രഹിച്ചാലും കിട്ടില്ല

2008 ലാണ് ഈ മോഡല്‍ പുറത്തിറക്കിയത്

Author : ന്യൂസ് ഡെസ്ക്

രണ്ട് ദിവസമായി സോഷ്യല്‍ മീഡിയ ഭരിക്കുന്ന ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന കീ പാഡ് ഫോണാണ്. നെസ്‌ലിനെ നായകനാക്കി അഭിനവ് സുന്ദർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയ്‌ക്കെത്തിയ താരം കീ പാഡ് ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇതോടെ, ഈ ഫോണിനെ ചുറ്റിപ്പറ്റിയായി ചര്‍ച്ചകള്‍.

സ്മാര്‍ട്ട്‌ഫോണ്‍ കാലത്ത് ഇന്‍സ്റ്റഗ്രാമും സ്‌നാപ്ചാറ്റുമൊന്നും ഇല്ലാത്ത കീപാഡ് ഫോണ്‍ ഉപയോഗിക്കുന്ന താരത്തിന്റെ സിംപ്ലിസിറ്റിയെ കുറിച്ചൊക്കെ ഒരു വശത്ത് ചര്‍ച്ച നടക്കുന്നത്. മറ്റൊരു സൈഡില്‍ ഫോണിന്റെ സവിശേഷതകളും വിലയുമൊക്കെയാണ് ചര്‍ച്ച.

എന്നാല്‍ കേട്ടോ, ഡിസൈനില്‍ സിംപിളാണെങ്കിലും ഈ ഫോണിന്റെ വില അത്രയ്ക്ക് സിംപിളല്ല. യുകെ ആസ്ഥാനമായുള്ള ഹാന്‍ഡ്ക്രാഫ്റ്റഡ് ലക്ഷ്വറി മൊബൈല്‍ ഫോണ്‍ കമ്പനിയായ വെര്‍ട്ടു ആണ് ഈ ഫോണിന്റെ നിര്‍മാതാക്കള്‍.

വെര്‍ട്ടുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അസെന്റ് റെട്രോ ക്ലാസിക് കീപാഡ് ഫോണിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്. ഇതിന്റെ വില ഏകദേശം 11,920 യുഎസ് ഡോളര്‍ വരും. ഏകദേശം പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍. ഇനി ഇത്രയും രൂപ കയ്യിലുണ്ട്, ഒന്ന് വാങ്ങിക്കളയാമെന്ന് വെച്ചാല്‍ അത് നടക്കില്ല.

Ascent Retro Classic Keypad Phone

നിലവില്‍ ഔട്ട് ഓഫ് സ്റ്റോക്ക് ആണ് മൊബൈല്‍. മാത്രമല്ല, ഇതിന്റെ നിര്‍മാണവും കമ്പനി ഇതിനകം നിര്‍ത്തിയിട്ടുണ്ട്. 2008 ലാണ് വെര്‍ട്ടു ഈ മോഡല്‍ പുറത്തിറക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തിറങ്ങിയ സമയത്ത് ഇതിന്റെ വില അഞ്ച് ലക്ഷത്തിന് മുകളിലായിരുന്നു. സഫയര്‍ ക്രിസ്റ്റലുകളും കൈകൊണ്ട് തുന്നിയ തുകലും കൊണ്ട് അലങ്കരിച്ച ടൈറ്റാനിയം ബില്‍ഡാണ് ഫോണിന്റെ സവിശേഷത. ബ്ലൂട്ടൂത്ത്, ജിപിആര്‍എസ്, എസ്എംഎസ്, എംഎംഎസ് എന്നിവ ഫോണില്‍ സപ്പോര്‍ട്ട് ചെയ്യും.

ഏകദേശം 173 ഗ്രാം ഭാരവും ഏകദേശം 22 മില്ലീമീറ്റര്‍ കനവുമുള്ള ഈ ഹാന്‍ഡ്സെറ്റിന് പേറ്റന്റ് നേടിയ ബെവെല്‍ഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കീപാഡും ഉണ്ട്. കൂടാതെ, 170-ലധികം രാജ്യങ്ങളിലായി 24/7 കണ്‍സേര്‍ജ് ആക്സസ്സിനായി ഫോണില്‍ ഒരു പ്രത്യേക സൈഡ് ബട്ടണും ഉണ്ട്.

SCROLL FOR NEXT